മുംബയ്: 2,000 രൂപ നോട്ടുകളിൽ 50 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പിൻവലിക്കൽ പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമുള്ള കണക്കാണിത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്. 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.
സെപ്‌റ്റംബർ 30 വരെ 2,000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയും. ഒറ്റത്തവണ മാറ്റിയെടുക്കാനുള്ള പരമാവധി തുക 20,000 രൂപയാണ്. മാറ്റാൻ ആവശ്യമായ കറൻസി ആർ.ബി.ഐയുടെ പക്കലുണ്ടെന്നും നോട്ട് മാറ്റിയെടുക്കാൻ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നോട്ട് പിൻവലിക്കുന്നതിന് മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ കറൻസികളുടെ മൂല്യത്തിൽ കാര്യമായ കുറവുണ്ടായിരുന്നു. 2018 മുതൽ 2023വരെയുള്ള കാലയളവിൽ 46 ശതമാനമായിരുന്നു കുറഞ്ഞത്.
മേയ് 19 നാണ് 2000 രൂപ പിൻവലിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. 500, 1000 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് 2016 നവംബറിൽ ആർ.ബി.ഐ ആക്ടിലെ 1934-ലെ വകുപ്പ് 24 (1) പ്രകാരമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |