ന്യൂഡൽഹി: ബംഗളൂരു ആസ്ഥാനമായുള്ള എഡ്യുക്കേഷൻ ടെക് കമ്പനിയായ ബൈജൂസ് 1,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. സെയിൽസ് ടീമിലെ കരാർ ജോലിക്കാരെയാവും പിരിച്ചുവിടുകയെന്നാണ് സൂചന. ഈ വർഷം ആദ്യം കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മീഡിയ, ടെക്‌നോളജി, കണ്ടന്റ് ടീമുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ വെട്ടിക്കുറച്ചു.
പ്രതിവർഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയർ വൈസ് പ്രസിഡന്റുമാരുൾപ്പെടെ നിരവധി ഉന്നത എക്സിക്യൂട്ടീവുകളെ പുറത്താക്കിയെന്നും റിപ്പോർട്ടുണ്ട്.
ഈ വർഷമാദ്യം എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 30 ശതമാനത്തോളം ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചുവിട്ടിരുന്നു.
പരാതികൾ നിരവധി
അക്കൗണ്ടിംഗ് ക്രമക്കേടുകൾ, കോഴ്‌സുകളുടെ തെറ്റായ വിൽപ്പന, കൂട്ട പിരിച്ചുവിടലുകൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാൽ ബൈജൂസ് വിവാദത്തിലായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ടിരുന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തിയിരുന്നു.
---------------------------
തിരിച്ചടവ് മുടക്കുന്നു
ന്യൂയോർക്ക് സുപ്രീംകോടതിയിൽ 1.2 ബില്യൺ ഡോളറിൻറെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബൈജൂസ് നൽകിയ ഹർജി ബാധ്യതകൾ പാലിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമമാണെന്ന് വായ്പാദാതാക്കൾ പ്രതികരിച്ചു. ഈ ടേം ലോൺ ബി-യുടെ 85 ശതമാനത്തിലധികം കൈയാളുന്ന വായ്പാദാതാക്കളാണ് സംയുക്തമായി ബൈജൂസിനെതിരേ എത്തിയിരിക്കുന്നത്.
വായ്പാദാതാക്കൾ കരാർ വ്യവസ്ഥകൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും തിരിച്ചടവ് വേഗത്തിലാക്കാൻ സമ്മർദം ചെലുത്തുന്നുവെന്നുമാണ് ബൈജുസിൻറെ ആരോപണം.
ആഗോള തലത്തിലെ പ്രമുഖരായ 21 സ്ഥാപന നിക്ഷേപകർ അടങ്ങുന്ന, വായ്പാദാതാക്കളുടെ സംഘം ബൈജുസിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് പ്രതികരിക്കുന്നത്. കമ്പനി മനഃപൂർവ്വം തിരിച്ചടവ് മുടക്കുന്ന സാഹചര്യത്തിൽ കരാർ നടപ്പിലാക്കുന്നതിന് വായ്പാദാതാക്കൾക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും തങ്ങളിൽ നിക്ഷിപ്തമാണെന്നും ഇവർ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |