അഹമ്മദാബാദ്: ഗുജറാത്തിൽ പ്ലസ് ടു പരീക്ഷ എഴുതിയ 959 വിദ്യാർത്ഥികൾ കോപ്പിയടിച്ചതായി തെളിഞ്ഞു. പരീക്ഷ എഴുതിയ 959 കുട്ടികളുടെയും ഒരേ ഉത്തരക്കടലാസുകളാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഗുജറാത്ത് സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടിയാണ് നടന്നതെന്നാണ് റിപ്പോർട്ട്. കോപ്പിയടി തടയാൻ സംവിധാനം ഒരുക്കിയെങ്കിലും പരാജയപ്പെട്ടെന്നാണ് വിലയിരുത്തുന്നത്.
ഇതിനെ തുടർന്ന് കോപ്പിയടിച്ച വിഷയങ്ങളിൽ വിദ്യാർത്ഥികളെ തോൽപ്പിക്കുകയും 2020 വരെ ഇവരുടെ പരീക്ഷാഫലം തടയുകയും ചെയ്തിട്ടുണ്ട്. ജുനഗഡ്, ഗിർ സോംനാഥ് ജില്ലകളിലാണ് വ്യാപക കോപ്പിയടി നടന്നതെന്ന് വിദ്യാഭ്യാസ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഉത്തരകടലാസിൽ ഉണ്ടായിരുന്ന തെറ്റുകൾ പോലും ഒരുപോലെയായിരുന്നു. ഒരു പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതിയ 200 വിദ്യാർത്ഥികളും ഒരു ഉപന്യാസം എഴുതിയത് തുടക്കം മുതൽ ഒടുക്കം വരെ ഒരേപോലെയായിരുന്നു. അക്കൗണ്ടിങ്, സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകളിലാണ് വ്യാപക കോപ്പിയടി കണ്ടെത്തിയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കോപ്പിയടിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികളെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. പരീക്ഷ കേന്ദ്രത്തിലെ അദ്ധ്യാപകർ പറഞ്ഞുതന്ന ഉത്തരങ്ങളാണ് തങ്ങൾ എഴുതിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ചില സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങളിൽ എക്റ്റേണൽ വിദ്യാർത്ഥികളായി പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളിലാണ് തിരിമറി നടന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിരമായി ക്ലാസിൽ വരുന്ന കുട്ടികളല്ല ഇവരെന്നും 35000 രൂപ വരെ ഫീസ് നൽകിയാണ് ഇവർ പഠനം നടത്തുന്നതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.