മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് അട്ടമലയിൽ കുടുങ്ങിയ വളർത്തുപൂച്ച എമിയും മൂന്ന് കുട്ടികളും എട്ടാംനാൾ പുറംലോകത്തേക്കെത്തി. ചൂരൽമല സ്വദേശി പരിയാരത്ത് സന്തോഷ് വീട്ടിൽ വളർത്തിയ പൂച്ചയാണ് എമി. പ്രസവിച്ച് നാലാം നാളാണ് ദുരന്തമുണ്ടായത്.
ദുരന്തസാദ്ധ്യത മുന്നിൽകണ്ട് ഉരുൾപൊട്ടലിന്റെ തലേന്ന് സന്തോഷും കുടുംബവും മാറി താമസിക്കുകയായിരുന്നു. എന്നാൽ പൂച്ചയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. കൂട്ടിൽ തീറ്റ ഇട്ടു നൽകിയശേഷം ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു. ഉരുൾപൊട്ടി സർവതും തകർന്നപ്പോൾ സന്തോഷിന്റെ ആകുലത തന്റെ പ്രിയപ്പെട്ട പൂച്ചയ്‌ക്കും കുഞ്ഞുങ്ങൾക്കും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നതിലായിരുന്നു. പൂച്ചകളെ രക്ഷപ്പെടുത്തുന്നതിന് അട്ടമലയിലെ വീട്ടിലേക്കെത്താൻ പല ശ്രമങ്ങളും നടത്തി. പ്രദേശത്തേക്ക് ആളുകളെ കയറ്റിവിടാത്തതിനാൽ കഴിഞ്ഞില്ല. പിന്നീട് മൃഗസംരക്ഷണ വകുപ്പിന്റെ സഹായം തേടുകയായിരുന്നു.
ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ പൂച്ചയെ അട്ടമലയിലേക്ക് മാറ്റി. ഗ്ലൂക്കോസ് ഉൾപ്പെടെ നൽകി പരിചരിക്കുകയായിരുന്നു. സന്തോഷും കുടുംബവും ഇപ്പോൾ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. ഇന്നലെ അട്ടമലയിലെത്തി സന്തോഷ് തന്റെ പ്രിയപ്പെട്ട എമിയെയും കുഞ്ഞുങ്ങളെയും മേപ്പാടിയിലേക്ക് കൊണ്ടുപോയി. ക്യാമ്പിലെ ഓമനകളായി ഇനി ഈ പൂച്ചകൾ മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |