ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. സിബിഐയും ഇഡിയും രജിസ്‌റ്റർ ചെയ്‌ത കേസുകളിലാണ് സിസോദിയയ്‌ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. നീണ്ട ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. സിസോദിയ രാജ്യം വിട്ടുപോകുമെന്ന് കരുതാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യം നൽകിയുള്ള വിധിയിൽ വ്യക്തമാക്കി. ഡൽഹി സെക്രട്ടറിയേറ്റോ മുഖ്യമന്ത്രിയുടെ ഓഫീസോ സന്ദർശിക്കുന്നതിനോ ഭരണകാര്യങ്ങളിൽ ഇടപെടുന്നതിനോ സിസോദിയയെ അനുവദിക്കരുതെന്ന ഇഡിയുടെ വാദത്തെയും സുപ്രീം കോടതി തള്ളി.
പത്ത് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ജസ്‌റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിസോദിയയുടെ പാസ്‌പോർട്ട് സമർപ്പിക്കാനും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയ ശ്രമിക്കരുതെന്നും കോടതി ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് മൂന്നാം തവണ കോടതിയെ സമീപിച്ചപ്പോഴാണ് സിസോദിയയ്‌ക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞവർഷം ഒക്‌ടോബർ 30ന് സിസോദിയ സമർപ്പിച്ച ജാമ്യ ഹർജിയിൽ അദ്ദേഹത്തിന് ജാമ്യം നൽകാൻ വിസമ്മതിച്ചു. എന്നാൽ വിചാരണ പൂർത്തിയാകാൻ ആറോ എട്ടോ മാസം എടുക്കുകയോ ഒച്ചിഴയും വേഗത്തിലെ വിചാരണയോ ആണെങ്കിൽ കോടതിയെ സമീപിക്കാമെന്ന് അന്ന് കോടതി സിസോദിയയെ അറിയിച്ചിരുന്നു.
കേസിൽ വിചാരണ ആറ് മാസമായിട്ടും ആരംഭിക്കാതിരുന്നതോടെ മേയ് 21ന് സിസോദിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചില്ല. ഇതോടെയാണ് മൂന്നാം തവണ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. 2023 ഫെബ്രുവരിയിൽ സിബിഐയാണ് അദ്ദേഹത്തെ ആദ്യം അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അറസ്‌റ്റ് ചെയ്‌തു.
കേസിൽ ആപ് എം.പി സഞ്‌ജയ് സിംഗും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അറസ്‌റ്റിലായിരുന്നു. സഞ്‌ജയ് സിംഗ് ജാമ്യം നേടി. കേജ്‌രിവാൾ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും പിന്നീട് ജയിലിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |