മീററ്റിൽ: അന്യ മതസ്ഥനെ പ്രണയിച്ചതിന് കൗമാരക്കാരിയെ സഹോദരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് മീററ്രിലെ നംഗ്ല ഷേഖു ഗ്രാമത്തിൽ ബുധനാഴ്‌ച നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. 17കാരിയായ അമ്രിഷയാണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹമ്മദ് ഹസീനെ (20) പൊലീസ് അറസ്റ്റ് ചെയ്‌തു. കുറ്റകൃത്യം ന
ടക്കുമ്പോൾ നാട്ടുകാർ നോക്കിനിൽക്കുകയും സംഭവം മൊബൈലിൽ പകർത്തുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 20 മിനിട്ടോളം മൃതദേഹം റോഡിൽ കടന്നു. ഹിന്ദു യുവാവുമായുള്ള സഹോദരിയുടെ പ്രണയബന്ധത്തിൽ മുഹമ്മദ് ഹസീൻ അസ്വസ്ഥനായിരുന്നെന്നും പ്രണയിച്ചയാളെ തന്നെ വിവാഹം ചെയ്യുമെന്ന് അമൃത ആവർത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. ഇതേച്ചൊല്ലി ബുധനാഴ്‌ച സഹോദരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നടുറോഡിൽ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ മാനം നശിപ്പിച്ചെന്ന് ആക്രോശിച്ചുകൊണ്ടാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും നിമിഷങ്ങൾക്കുള്ളിൽ പ്രചരിക്കുകയും ചെയ്തു.
സമീപ ഗ്രാമത്തിലെ മോഹിത് എന്ന യുവാവുമായി ഏറെ നാളായി അമ്രിഷ പ്രണയത്തിലായിരുന്നു. പല തവണ ഇവർ ഒളിച്ചോടാൻ ശ്രമിച്ചു. മാർച്ച്, മേയ് മാസങ്ങളിൽ ഒളിച്ചോടിയെങ്കിലും പൊലീസ് പിടികൂടി വീട്ടിലെത്തിച്ചു. ഇതിനിടെ അമ്രിഷായ്ക്ക് വിവാഹാലോചനയും നടത്തി. ഇതേച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായി. മോഹിതിനൊപ്പം പോകാനിറങ്ങിയ അമ്രിഷയെ പിന്നാലെയെത്തി മുഹമ്മദ് ഹസീൻ കൊലപ്പെടുത്തുകയായിരുന്നു.
ഇലക്‌ട്രീഷ്യനായ മുഹമ്മദ് ഹസീൻ എട്ട് സഹോദരങ്ങളിൽ മൂത്തയാളാണ്. വിവാഹിതനാണ്. ഇയാൾക്ക് രണ്ട് കുട്ടികളുണ്ട്.
പിതാവ് മകളെ കൊലപ്പെടുത്തി
ക്രൂരകൊലപാതകം നടന്ന് രണ്ട് ദിവസത്തിനുശേഷം ഉത്തർപ്രദേശിൽ സമാന സംഭവം. ബറേലി ജില്ലയിൽ പിതാവ് മൂന്ന് മാസം ഗർഭിണിയായ മകളെ കൊലപ്പെടുത്തി. പൊലീസിൽ കീഴടങ്ങിയ പിതാവ് നാല് മാസം മുമ്പ് മകൾ മാനഭംഗത്തിനിരയായെന്നും കൊലപ്പെടുത്തിയെന്നും അറിയിച്ചു. പൊലീസ് ഇവരുടെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി. 19കാരിയെ ഒരാൾ മാസങ്ങളോളം പീഡിപ്പിച്ചു. പ്രതി നിരന്തരം പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ട്. അസ്വസ്ഥതകളുണ്ടായപ്പോൾ ആശുപത്രിയിൽ കാണിക്കുകയും ഗർഭിണിയാണെന്ന് അറിയുകയും ചെയ്തു. അപമാനം ഭയന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |