ശ്രീകാര്യം: വെള്ളിയാഴ്ച വെട്ടേറ്റ് മരിച്ച ഗുണ്ടാനേതാവ് ജോയി അക്രമങ്ങളെല്ലാം വിട്ട് നന്നായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഗുണ്ടാസംഘത്തിന്റെ വാൾമുനയിൽ ഒടുങ്ങിയത്. നിരവധി ക്രിമിനൽ കൊലപാതക കേസുകളിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നാളുകളിൽ നല്ല നടപ്പിലായിരുന്നു. കാപ്പാ കേസിൽ മോചിതനായ ശേഷം ദിവസങ്ങൾക്കു മുമ്പ് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്തിനെ നേരിൽക്കണ്ട് താൻ ഇനി ഒരു തെറ്റും ചെയ്യില്ലെന്നും ഇനിയുള്ള കാലം ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞിരുന്നു. അതേസമയം, തന്നെ വകവരുത്താൻ ആൾക്കാർ പിന്നിൽ ഉണ്ടെന്നും രക്ഷിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചിരുന്നു. പക്ഷേ, കൊലപാതകം അടക്കം മുൻകാലങ്ങളിൽ ചെയ്ത തെറ്റുകളുടെ പരിണിതഫലം ജോയിയെ വിടാതെ പിന്തുടർന്നു. കുടുംബത്തോടൊപ്പം കഴിയുന്നതിനു വേണ്ടിയാണ് വട്ടപ്പാറയിൽ നിന്ന് പൗഡിക്കോണം വിഷ്ണു നഗറിലെ വാടക വീട്ടിലേക്ക് ജോയി താമസം മാറ്റിയത്. പക്ഷേ അവിടെ അധികനാൾ കഴിയാൻ വിധി അനുവദിച്ചില്ല.
മൃതദേഹം കൊണ്ടുവരുന്നതിനു മുമ്പ് ഇന്നലെ കുറ്റ്യാണിയിലെ ജോയിയുടെ സഹോദരിയുടെ വീടിന് മുന്നിൽ നേരിയ സംഘർഷസാദ്ധ്യത ഉണ്ടായിരുന്നു. മൃതദേഹം എത്തിക്കുന്നതിനു മുമ്പ് ഓട്ടോയിൽ എത്തിയ കുളത്തൂർ, നെട്ടയം സ്വദേശികളായ രണ്ടുപേർ അവിടെ കൂടിനിന്ന ചിലരെ ചൂണ്ടി അടുത്തത് നിങ്ങളാണ് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. എന്നാൽ ഇവരെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥിതി ശാന്തമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |