തിരുവനന്തപുരം: പട്ടാപ്പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വെട്ടിയും കുത്തിയും തലയ്‌ക്കടിച്ചും പരസ്‌പരം കൊന്നു പക തീർക്കുന്ന ഗുണ്ടാസംഘങ്ങൾ തലസ്ഥാനത്ത് വിഹരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ഗുണ്ടകളെയും അക്രമികളെയും അടിച്ചൊതുക്കി നാട്ടിൽ സമാധാനം ഉറപ്പാക്കേണ്ട പൊലീസാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നിലപാടിലുമാണ്. പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി ഗുണ്ടയായ വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയിയെ (41) നടുറോഡിൽ വെട്ടിക്കൊന്ന സംഭവം വ്യക്തമാക്കുന്നത് ഗുണ്ടാപ്പകയ്‌ക്ക് അടുത്തെങ്ങും അന്ത്യമുണ്ടാകില്ലെന്നാണ്. പൊലീസിന്റെ നിഷ്‌ക്രിയത്വവും ഇതോടെ ചർച്ചയാവുകയാണ്. ഈ കൊലപാതകത്തിനുള്ള തിരിച്ചടി എപ്പോഴെന്നതാണ് ഉയരുന്ന മറുചോദ്യം.
2004ൽ ഗുണ്ടാനേതാവായ ജെറ്റ് സന്തോഷിനെ വെട്ടിക്കൊന്നതു മുതലാണ് തലസ്ഥാന നഗരത്തിലെ ഗുണ്ടകളുടെ പരസ്‌പരമുള്ള കൊന്നുതീർക്കലുകൾ തുടങ്ങിയത്. കഴിഞ്ഞ മേയിൽ ബാറിലെ തർക്കത്തെ തുടർന്ന് പട്ടാപ്പകൽ കരമനയിൽ നടുറോഡിൽ അഖിൽ എന്ന ചെറുപ്പക്കാരനെ ഒരു സംഘം ഗുണ്ടകൾ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. 'കാപ്പാ' കേസിൽ അറസ്റ്റിലായ ശേഷം ജയിൽ മോചിതരാവുന്നതോടെ ഗുണ്ടകളുടെ 'ആറാട്ടാ'ണ്. അതേസമയം. കൊടും കൊലപാതകങ്ങൾ ചെയ്തവർ പലരും കാപ്പയിൽ പെടാതെ ഇന്നും വിലസുന്നുണ്ട്. സ്‌റ്റേഷൻ പരിധിയിലെ ക്രിമിനലുകളെ നിരീക്ഷിക്കുന്നതിനും കാപ്പ പ്രകാരം ക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലെ വീഴ്ചയും ഗുണ്ടകൾക്ക് അനുഗ്രഹമാകുന്നു.
സേനയ്ക്ക് ബലമില്ല, ഗുണ്ടകൾ ശക്തരാകുന്നു
തലസ്ഥാനത്തെ ഗുണ്ടാപ്പകയും കൊലപാതകങ്ങളും അമർച്ച ചെയ്യാൻ പൊലീസ് ഇനിയും മുന്നേറേണ്ടതുണ്ട്. സേനയിലെ അംഗബലം കുറഞ്ഞതാണ് പ്രധാന പ്രശ്നം. സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ല. രാവുംപകലുമില്ലാതെ ജോലി ചെയ്തു തളർന്ന പൊലീസുകാർക്ക് തങ്ങളെക്കാൾ ശക്തരായ ഗുണ്ടകളെ അമർച്ച ചെയ്യാനാകുന്നില്ല. ഗുണ്ടാവേട്ടയ്‌ക്ക് ഓപ്പറേഷൻ 'ആഗ്' എന്ന പേരിൽ സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തി 10,000 ഗുണ്ടകളെ പിടികൂടിയെന്ന് പൊലീസ് വീമ്പ് പറയുന്നതിനിടെയാണ് തലസ്ഥാനത്ത് മൂന്ന് മാസത്തിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങൾ.ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ തയാറാക്കിയ പുതിയ ആക്ഷൻ പ്ലാൻ അനുസരിച്ച് ഗുണ്ട,റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും ഗുണ്ടാ സാദ്ധ്യതാലിസ്റ്റിലുള്ളവരെയും പ്രത്യേകം നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലും ഓരോ സി.പി.ഒമാരെ നിയോഗിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. എല്ലാ ദിവസവും ഇവരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിരുന്നു.
പൊലീസ് - ഗുണ്ട ഭായി ഭായി
ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കാവൽ,ആഗ് പദ്ധതികൾ പാളി
സേനയിലുള്ളവരുടെ ഗുണ്ടാബന്ധം വിനയാകുന്നു
ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തിയെങ്കിലും ഭൂരിഭാഗം പേരും സേനയിൽ തുടരുന്നു
റെയ്ഡ് വിവരം ചോരുന്നത് കനത്ത വെല്ലുവിളി
അങ്കമാലിയിലെ ഗുണ്ടാവിരുന്നിൽ ഡിവൈ.എസ്.പി തന്നെ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |