അമ്പലപ്പുഴ : പറവൂർ സ്വദേശി വിഷ്ണുബാബുവിനെ (25) കപ്പലിൽ നിന്ന് കാണാതായ സംഭവത്തിൽ കേന്ദ്ര ,സംസ്ഥാന സർക്കാരുകൾക്കും ഡൻസായ് മറൈൻ കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷ്ണുവിന്റെ പിതാവ് ബാബു തിരുമല നൽകിയ റിട്ട് ഹർജി ഫയലിൽ സ്വീകരിച്ചശേഷമാണ് ഹൈക്കോടതി നടപടി. അടുത്ത മാസം 9ന് കേസ് പരിഗണിക്കുമ്പോൾ വിഷ്ണുവിനായി നടത്തിയ തെരച്ചിലിന്റെ വിശദാംസങ്ങൾ കോടതിയെ അറിയിക്കണം.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷ്ണുവിന്റെ തിരോധാനത്തിൽ തികച്ചും നിഷ്ക്രിയമായ രീതിയാണ് അവലംബിച്ചതെന്നാണ് വിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണം. ഒഡീഷയിൽ നിന്ന് സിംഗപ്പൂർ വഴി ചൈനയിലേക്കു പോയ ചരക്കുകപ്പലിലെ ട്രെയിനി ജീവനക്കാരനായിരുന്ന വിഷ്ണുവിനെ (25) ജൂലായ് 17 ന് രാത്രി മുതൽ കാണാനില്ലെന്നാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്. ഇന്തോനേഷ്യയുടേയും, മലേഷ്യയുടെയും ഇടയിലെ കപ്പൽചാലിലാണ് വിഷ്ണുവിനെ കാണാതായത്. ചെരുപ്പുകൾ ഡക്കിൽ നിന്നും പഴ്സും ഫോണും മുറിയിൽ നിന്നും കിട്ടിയിരുന്നു. കപ്പലിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. വിഷ്ണുവിനെ കാണാതായത് ഇരുരാജ്യങ്ങളുടേയും ഇടയിലായതിനാൽ രണ്ടു രാജ്യങ്ങളും അന്വേഷണം നടത്തിയതുമില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള കോസ്റ്റൽ ഗാർഡുകൾ മാത്രമാണ് വിഷ്ണുവിനായി അന്വേഷണം നടത്തിയത്. അഭിഭാഷകരായ രാജീവ്, തേജൻരാജ്, ആര്യ എന്നിവർ മുഖേനയാണ് ബാബു തിരുമല ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |