കണ്ണൂർ: അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസർക്കാർ ഫണ്ട് എഴുമാസമായി ലഭിക്കുന്നില്ല. പോഷൻ അഭിയാന്റെ ഭാഗമായുള്ള സി.ബി.ഇ (പൊതുജനാരോഗ്യ ബോധവത്ക്കരണം) പരിപാടി നടത്തിയതിന്റെ തുകയാണ് ഏഴുമാസത്തോളമായി കുടിശികയായി കിടക്കുന്നത്. സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ് അങ്കണവാടി ജീവനക്കാർ ബോധവത്കരണ പരിപാടി നടത്തിവരുന്നത്.
പോഷൻ അഭിയാൻ സി.ബി.എ പരിപാടിയിൽ മാസം നിർബന്ധമായും രണ്ട് ക്ലാസുകൾ അങ്കണവാടി കേന്ദ്രീകരിച്ച് നടത്തണം. ഓരോ വിഷയങ്ങളെ കുറിച്ചായിരിക്കും ക്ലാസുകൾ. പോഷകാഹാര ദിനം, കുടുംബ ദിനം, ജനസംഖ്യാ ദിനം തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള ക്ലാസുകൾ നൽകണം. ഒന്നുകിൽ അങ്കണവാടി അല്ലെങ്കിൽ സമീപ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ക്ലാസുകൾ നൽകണം.
ക്ലാസെടുക്കാൻ ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളെ അങ്കണവാടി ജീവനക്കാർ എത്തിക്കണം. ഇതിനായി 250 രൂപയാണ് ഒരു ക്ലാസിനായി കേന്ദ്രം നൽകുന്നത്. ക്ലാസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകുകയും വേണം. ഫണ്ട് ഉടൻ നൽകിയില്ലെങ്കിൽ ഇത്തരം ക്ലാസുകൾ ഇനി മുതൽ നടത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് അങ്കണവാടി ജീവനക്കാർ.
പ്രാരബ്ധമാണ് ,ഇങ്ങനെ വയ്യ
ഇതിന് പുറമേ അങ്കണവാടികളിലേക്കുള്ള വൈദ്യുതി, വെള്ളം, വൈഫൈ എന്നിവയുടെ ബിൽ, ഹരിതസേന യൂസർഫീ എന്നിവയും ജീവനക്കാരുടെ പണം മുടക്കി അടക്കില്ലെന്ന് തീരുമാനത്തിലാണ് ജീവനക്കാർ.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന നിരവധി അങ്കണവാടികൾ ഇപ്പോഴുമുണ്ട്. പൊളിഞ്ഞുവീഴാറായ കെട്ടിടമാണ് മിക്ക സ്ഥലങ്ങളിലും.എത്തിച്ചേരാൻ വഴി പോലുമില്ലാത്ത അങ്കണവാടികളും ഏറെയാണ്. ഇതുമൂലം കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ മടിക്കുന്ന സ്ഥിതിയുണ്ടെന്ന് ടീച്ചർമാർ പറഞ്ഞു.
പൂർത്തിയായത് 474 അങ്കണവാടികൾ
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിർമ്മാണ പദ്ധതിയിലൂടെ ഇതുവരെ 474 അങ്കണവാടികളുടെ നിർമ്മാണം പൂർത്തിയായി. പദ്ധതിപ്രകാരം 771 അങ്കണവാടികൾക്കായിരുന്നു നിർമ്മാണാനുമതി ലഭിച്ചിരുന്നത്. എന്നാൽ മതിയായ സ്ഥലം ലഭിക്കാതെയാണ് പദ്ധതി വൈകുന്നത്. സ്ഥലം കിട്ടിയ 84 അങ്കണവാടികളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിർമാണം അവസാനഘട്ടത്തിലാണ്. പദ്ധതിയിൽ പെട്ട 213 അങ്കണവാടികളുടെ നിർമ്മാണമാണ് തുടങ്ങാനുള്ളത്. ഇതിനായി ഓരോ ജില്ലയിലും പുറമ്പോക്ക് സ്ഥലം ലഭിക്കുന്നതിന് ജില്ലാ കളക്ടർ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |