ശിഖർ ധവാൻ വിരമിച്ചു
ന്യൂഡൽഹി: അന്താരാഷട്ര, ആഭ്യന്തര ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓപ്പണർമാരിലെ സ്റ്റൈലിഷ് ലെഫ്‌റ്റി ശിഖർ ധവാൻ. സാമൂഹ്യ മാദ്ധ്യമങ്ങളിലെ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് 38കാരനായ ധവാൻ ഇന്ത്യൻ ജേഴ്‌സി അഴിക്കുകയാണെന്ന് അറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റും ധവാൻ അവസാനിപ്പിച്ചു. മികച്ച ഫീൽഡർ കൂടിയായ ധവാന്റെ ക്യാച്ചെടുത്ത ശേഷമുളഅള തുടയിൽ തട്ടിയുള്ള ആഘോഷം വളരെ പ്രസിദ്ധമാണ്.
ഇന്ത്യയ്ക്കായി കളിക്കുകയെന്ന ഒരേയൊരു സ്വപ്നം മാത്രമാണ് എനിക്കുണ്ടായിരുന്നുള്ളൂ, അത് സാധിച്ചു. വിരമിക്കൽ സന്ദേശത്തിൽ ധവാൻ പറഞ്ഞു. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ശിഖർ അവസാനമായി ഇന്ത്യക്കായി കളിച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്ടനായിരുന്ന ധവാന് പക്ഷേ പരിക്ക് കാരണം അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. അതേസമയം ഇത്തവണത്തെ മെഗാ ലേലത്തിന് മുൻപ് ധവാനെ പഞ്ചാബ് റിലീസ് ചെയ്‌തേക്കുമെന്നാണ് വിവരം.
ഇന്ത്യക്കായി 34 ടെസ്റ്റുകളിലും 167 ഏകദിനങ്ങളിലും 68 ട്വന്റി-20 മത്സരങ്ങളിലും ധവാൻ കളിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 20ന് ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലൂടെയാണ് ശിക്കാർ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയത്. 2013 മാർച്ചിൽ ഓസ്ട്രേലിയക്കെതിരെ തന്നെയായിരുന്നു ടെസ്റ്റിലും അരങ്ങേറിയത്. ആദ്യ ഇന്നിംഗ്സിൽ തന്നെ സെഞ്ച്വറി നേടിയ ധവാൻ കന്നി ടെസ്റ്റ് മത്സരത്തിൽ മാൻ ഓഫ് ദിമാച്ചുമായിരുന്നു. ഏകദിനങ്ങളിൽ മിന്നിത്തിളങ്ങിയ ധവാൻ ഐ.സി.സി ടൂർണമെന്റുകളിലും മികച്ച പ്രകടനമാണ് ധവാൻ നടത്തിയത്. 2015 ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ധവാനായിരുന്നു. 2004 അണ്ടർ 19 ലോകകപ്പിൽ കളിച്ചുകൊണ്ടാണ് ധവാന്‍ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിക്കുന്നത്.
ആഭ്യന്തരക്രിക്കറ്റിൽ ഡൽഹിയുടെ താരമായിരുന്ന ധവാൻ 2007-08 സീസണിൽ രഞ്ജി ട്രോഫി ചാമ്പ്യൻമാരായ ഡൽഹി ടീമിൽ അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |