അബുദാബി: മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികളാണ് ദിവസേന തൊഴിൽതേടി യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെത്തുന്നത്. പ്രവാസജീവിതം ആരംഭിച്ചുകഴിഞ്ഞാൽ മിക്കവരും നേരിടുന്ന വലിയൊരു പ്രതിസന്ധി സ്വന്തം കുടുംബത്തിന്റെ ജീവിതച്ചെലവുകൾ നിറവേറ്റുക എന്നതാവും.
ഇതിൽ പ്രധാനമായ ഒന്നാണ് മക്കളുടെ പഠനം. ഇന്നത്തെ കാലത്ത് ലാപ്പ്‌ടോപ്പ്, കമ്പ്യൂട്ടർ എന്നിവ പഠനത്തിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ്. എന്നാൽ ഒരു ലാപ്‌ടോപ്പ് വാങ്ങുന്നതിന് കുറഞ്ഞത് നാൽപ്പതിനായിരത്തോളം രൂപയാവും വില. നാട്ടിലാണെങ്കിൽ വില ഇനിയും ഉയരും. എന്നാലിപ്പോൾ പ്രവാസികൾക്ക് വലിയൊരു ആശ്വാസമായി വെറും 50 ദിർഹത്തിന് (ഏകദേശം 1,100 രൂപ) ലാപ്‌ടോപ്പ് വിൽക്കുകയാണ് ഷാർജയിലെ ഈ മാർക്കറ്റ്.
യുഎഇയിലെ ജനസംഖ്യാ നിരക്കിൽ മൂന്നാം സ്ഥാനത്തുള്ള നഗരമാണ് ഷാർജ. നഗരത്തിലെ 2,3,5,6 വ്യാവസായിക മേഖലകളിലാണ് യൂസ്‌ഡ് ലാപ്‌ടോപ്പുകളുടെ വിൽപ്പന നടക്കുന്നത്. വിലയിൽ വ്യതിയാനം ഉണ്ടാവുമെങ്കിലും 50 ദിർഹം മുതൽ ലാപ്‌ടോപ്പുകൾ ലഭ്യമാണെന്ന് റോയൽ യൂസ്‌ഡ് കമ്പ്യൂട്ടേഴ്‌സിന്റെ സെയിൽസ് ഹെഡ് ഷാനവാസ് പറഞ്ഞു. ബ്രാൻഡ്, സവിശേഷതകൾ, ഉപകരണം നിർമ്മിച്ച വർഷം എന്നിവയെ ആശ്രയിച്ച് വില 300 ദിർഹം വരെ ഉയരാമെന്നും എന്നാൽ മികച്ച പ്രവർത്തന ക്ഷമതയുള്ള ലാപ്‌ടോപ്പുകളാണ് വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
6, 7 ജനറേഷനിലുള്ള ഉയർന്ന ബ്രാൻഡിലുള്ള ലാപ്‌ടോപ്പുകൾക്ക് 200 ദിർഹം മുതലാണ് വില. 8ാം ജനറേഷനിലെ ലാപ്‌ടോപ്പുകൾക്ക് കുറഞ്ഞത് 300 ദിർഹം നൽകേണ്ടി വരും. 12ാം ജനറേഷനിലെ ലാപ്‌ടോപ്പുകൾക്ക് 900 ദിർഹംവരെയാണ് വില. 2014ൽ നിർമിച്ച ആപ്പിൾ മാക്‌ബുക്ക് 300 ദിർഹം മുതൽ ലഭിക്കുമെന്നും മാർക്കറ്റ് പ്രതിനിധികൾ വ്യക്തമാക്കുന്നു.
യൂറോപ്പിൽ നിന്നും യുഎസിൽ നിന്നുമാണ് യൂസ്ഡ് ലാപ്‌ടോപ്പുകൾ ഷാർജയിലെ മാർക്കറ്റിലെത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണയായി ഒരുവർഷം മാത്രമാണ് കൂടുതൽ പേരും ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നത്. പുതിയ മോഡലുകൾ എത്തുമ്പോൾ ഇവ ഉപേക്ഷിക്കുകയും ചെയ്യും. ഈ ഗാഡ്‌ജെറ്റുകൾ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതിനാലാണ് നല്ല പ്രവർത്തന ക്ഷമതയുള്ള ലാപ്‌ടോപ്പുകളും ഷാർജ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |