ന്യൂഡൽഹി : പത്ത് വർഷത്തെ എൻ.ഡി.എ ഭരണകാലത്ത് വനിതാ സ്വയംസഹായ ഗ്രൂപ്പുകൾക്ക് 9 ലക്ഷം കോടി രൂപ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
2014 വരെ 25,000 കോടിയിൽ താഴെ മാത്രമാണ് നൽകിയിരുന്നത്. സ്വാതന്ത്ര്യാനന്തരം വന്ന എല്ലാ സർക്കാരുകളേക്കാൾ കൂടുതൽ കാര്യങ്ങൾ പത്ത് വർഷം കൊണ്ട് എൻ.ഡി.എ സർക്കാർ ചെയ്‌തു.
മഹാരാഷ്ട്രയിലെ ജൽഗാവിൽ വനിതാ സ്വയംസഹായ ഗ്രൂപ്പിലെ 11 ലക്ഷം പുതിയ ലക്ഷാധിപതി ദീദിമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചടങ്ങിൽ 4.3 ലക്ഷം ഗ്രൂപ്പുകളിലെ 48 ലക്ഷം അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന 2500 കോടിയുടെ ഫണ്ട് കൈമാറി. 5000 കോടിയുടെ വായ്‌പകളും വിതരണം ചെയ്‌തു. മഹാരാഷ്ട്രയുടെ പുരോഗമനത്തിന് ബി.ജെ.പി നയിക്കുന്ന മഹായുതി സർക്കാർ തുടരണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി പറഞ്ഞു.
ഗ്യാരന്റി ഫലം കാണുന്നു
സ്‌ത്രീകളുടെ ഉന്നമനം ഗ്യാരന്റിയെന്ന് താൻ വാഗ്ദാനം ചെയ്‌തിരുന്നു. ലാഖ്പതി ദീദി പദ്ധതി സ്ത്രീകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം തലമുറകളെ ശാക്തീകരിക്കുന്നു. മൂന്നാം സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ വനിതകൾക്ക് വലിയ പങ്കുണ്ട്. പല സ്ത്രീകൾക്കും സ്വന്തം പേരിൽ വസ്‌തുവകകൾ ഉണ്ടായിരുന്നില്ല. ബാങ്ക് വായ്‌പ കിട്ടുമായിരുന്നില്ല. ഇപ്പോൾ സ്വയംസഹായ ഗ്രൂപ്പുകളിലൂടെ വനിതകൾക്ക് സ്വന്തം ബിസിനസും കൃഷിയും സാദ്ധ്യമാകുന്നു. പത്ത് വർഷത്തിനിടെ ഒരു കോടി ലാഖ്പതി ദീദിമാരെ സൃഷ്‌ടിച്ചു. ഇപ്പോൾ 11 ലക്ഷം പേർ കൂടിയായി. മൂന്നുകോടി ലാഖ്പതി ദീദിമാരാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
നീതി എല്ലാവർക്കും പ്രാപ്യമാകണം
നീതി എല്ലാവർക്കും പ്രാപ്യമാകുമെന്നാണ് ഗ്യാരന്റിയെന്ന് മോദി പറഞ്ഞു. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം. ഭാരതീയ ന്യായ് സംഹിത കൊളോണിയൽ മനോഭാവത്തിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ സ്വതന്ത്രമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |