മുംബയ് : ഐ.എസ്.എല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ 13-ാം സീസണിന് അടുത്തമാസം 13ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയ മുംബയ് സിറ്റിയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മുംബയ് സിറ്റിയെ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ കിരീടം നേടിയിരുന്നത്.
സെപ്തംബര്‍ 15 ഞായറാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പഞ്ചാബ് എഫ്.സിക്ക് എതിരെയാണ് കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ മത്സരം. ഇതാദ്യമായാണ് ഐ.എസ്.എല്ലിന്റെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്‌ളാസ്റ്റേഴ്‌സ് ഇല്ലാതിരിക്കുന്നത്. ഈ സീസണില്‍ ഐ.എസ്.എല്ലിലേക്ക് ഉയര്‍ത്തപ്പെട്ട മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് തങ്ങളുടെ ആദ്യ മത്സരത്തില്‍ സെപ്തംബര്‍ 16ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കിഷോര്‍ ഭാരതി ക്രീഡാംഗണാണ് മുഹമ്മദന്‍സിന്റെ ഹോം ഗ്രൗണ്ട്.
13- ടീമുകളാണ് ഇക്കുറി ഐ.എസ്.എല്ലില്‍ മത്സരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12 ടീമുകളായിരുന്നു. ഐ ലീഗ് ജേതാക്കളായതിനാലാണ് മുഹമ്മദന്‍സിന് ഐ.എസ്.എല്ലിലേക്ക് പ്രവേശം ലഭിച്ചത്.
24 - മത്സരങ്ങളാണ് ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ ഓരോ ടീമിനുമുള്ളത്. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന ആറുടീമുകള്‍ പ്‌ളേ ഓഫില്‍ ഏറ്റുമുട്ടി നാലുടീമുകള്‍ സെമിയിലെത്തും. സെമിവരെ ഇരുപാദ മത്സരങ്ങളാണ്.
3 - ടീമുകളാണ് ഇക്കുറി കൊല്‍ക്കത്തയില്‍ നിന്നുള്ളത്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദന്‍സും അണിനിരക്കുന്നു. ഗ്രൂപ്പ് റൗണ്ടില്‍ തന്നെ 36 മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത വേദിയാകും.
ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍
കേരള ബ്‌ളാസ്റ്റേഴ്‌സ്
മോഹന്‍ ബഗാന്‍
ഈസ്റ്റ് ബംഗാള്‍
ഹൈദരാബാദ്
പഞ്ചാബ് എഫ്.സി
നോര്‍ത്ത് ഈസ്റ്റ്
ചെന്നൈയിന്‍
മുഹമ്മദന്‍സ്
ബംഗളുരു എഫ്.സി
ജംഷഡ്പുര്‍ എഫ്.സി
മുംബയ് സിറ്റി
ഒഡിഷ എഫ്.സി
എഫ്.സി ഗോവ
സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലുമാണ് ഐ.എസ്.എല്ലിന്റെ തത്സമയ സംപ്രേഷണമുള്ളത്. മലയാളം ഉള്‍പ്പടെ നാലുഭാഷകളില്‍ കമന്ററി ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |