ന്യൂഡൽഹി : രാഷ്ട്രീയമില്ലാത്ത ഒരു ലക്ഷം യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന സ്വാതന്ത്ര്യദിനത്തിലെ തന്റെ ആഹ്വാനത്തിന് അതിഗംഭീര പ്രതികരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'മൻ കി ബാത്തിൽ'. യുവാക്കളുടെ ഒട്ടേറെ കത്തുകളും നിർദ്ദേശങ്ങളും ലഭിച്ചു. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ മികച്ച പ്രതികരണമുണ്ടായി. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് രാജ്യത്തിന് മുതൽക്കൂട്ടാകും. അവരുടെ പ്രവർത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാഷ്ട്രീയ പാരമ്പര്യം ഇല്ലാത്തതിനാൽ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് പലരും കത്തിൽ അറിയിച്ചിരുന്നു. കുടുംബ രാഷ്ട്രീയം പുതിയ പ്രതിഭകളെ അടിച്ചമർത്തുന്നതായി യുവാക്കൾ ചിന്തിക്കുന്നുവെന്നും മോദി പറഞ്ഞു.
സ്‌പെയ്സ് സ്റ്റാർട്ടപ്പ് ടീമുമായി ആശയവിനിമയം
ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കൾക്ക് ഉപകാരപ്പെട്ടെന്ന് മോദി വ്യക്തമാക്കി. ഐ.ഐ.ടി. മദ്രാസിലെ പൂർവ വിദ്യാർത്ഥികളുടെ സ്‌പെയ്സ് ടെക് സ്റ്റാർട്ടപ്പ് ഗാലക്‌സ് ഐ സംഘവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. എൻജിനിയറിംഗ് പഠനത്തിനിടെയാണ് ഒരുമിച്ച് പ്രവർത്തിക്കാൻ അവർ തീരുമാനിച്ചത്. 'ആവിഷ്കാർ ഹൈപ്പർലൂപ്പ്' എന്ന പ്രോജക്‌ട് തയ്യാറാക്കി. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ഏതു കോണിലെയും വ്യക്തമായ ചിത്രമെടുക്കാം. ഇന്ത്യയെ അതീവ സുരക്ഷിതമാക്കാൻ ഈ ഡേറ്റ ഉപയോഗിക്കാം. അതിർത്തികളും സമുദ്രങ്ങളും നിരീക്ഷിക്കാം. ശത്രുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാം. സായുധ സേനയ്‌ക്ക് വിവരങ്ങൾ ലഭ്യമാക്കാം. കർഷകരെ ശാക്തീകരിക്കുകയും ലക്ഷ്യമാണെന്ന് യുവാക്കൾ അറിയിച്ചു.
മനുഷ്യ-മൃഗ സ്നേഹത്തെ വാഴ്‌ത്തി മോദി
അസമിലെ ബാരേകുരി ഗ്രാമത്തിൽ മൊറാൻ സമുദായത്തിലെ ജനങ്ങളും, വംശനാശ ഭീഷണിയുള്ള ഇന്ത്യൻ മനുഷ്യകുരങ്ങായ ഹൂലോക്ക് ഗിബ്ബണുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മോദി പറഞ്ഞു. ഗിബ്ബണുകൾക്ക് വാഴപ്പഴം നൽകാനായി വാഴ കൃഷി ചെയ്യുന്നു. അവയുടെ ജനന, മരണ ആചാരങ്ങൾ സ്വന്തം ജീവിതത്തിലെന്ന പോലെ നടത്തുന്നു. ഗിബ്ബണുകൾക്ക് പേരിടുന്നുണ്ടെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |