ബംഗളൂരു: ആൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ സഹോദരിമാരെ രണ്ടാനച്ഛൻ കഴുത്തറത്ത് കൊന്നു. ബംഗളൂരുവിലെ ദസറഹള്ളിയിലാണ് സംഭവം.സോണി (16), ശ്രുതി (14) എന്നിവരെയാണ് വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ മോഹൻ ഒളിവിലാണ്.ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
അമ്മ അനിതയാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് മക്കളെ കണ്ടതെന്ന് അനിത പൊലീസിനോട് പറഞ്ഞു. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നതിൽ ഇയാൾക്ക് എതിർപ്പായിരുന്നെന്നും അവർ അറിയിച്ചു.
സംഭവസമയം മോഹൻ വീട്ടിലേക്ക് കയറിപ്പോകുകയും തിരികെ വരികയും ചെയ്‌തത് സിസി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പായിരുന്നു അനിതയുടെയും മോഹന്റെയും വിവാഹം. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാളാണ് മോഹനെന്നും അനിതയുമായി സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
'മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. അവർ കുട്ടികളല്ലേ എന്നും നിങ്ങൾക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കിൽ അവർക്ക് ആൺകുട്ടികളോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്നമെന്നും ഞാൻ ചോദിക്കുമായിരുന്നു. എന്നാൽ കുട്ടികളെ ആൺകുട്ടികളിൽ നിന്ന് അകലം പാലിച്ച് നിറുത്തണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു- അനിത പറഞ്ഞു.
ഉത്തർപ്രദേശ് ഗൊരഖ്പുർ സ്വദേശിയാണ് അനിത. പെൺകുട്ടികളുടെ പിതാവ് ദുബായിലാണുള്ളത്. വർഷങ്ങൾക്കു മുമ്പ് ഇരുവരും വേർപിരിഞ്ഞു.
അനിത മൂന്ന് വർഷമായി ബെംഗളൂരുവിലാണ് താമസം. ഓൺലൈൻ മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെയാണ് അനിത മോഹനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |