കൊച്ചി: തലപ്പത്തിരിക്കുന്ന താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ഇനി മുന്നോട്ടുള്ള വഴി എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിലാണ് താരസംഘടനയായ അമ്മ. നടിയുടെ ലൈംഗിക ആരോപണങ്ങളിൽ കുരുങ്ങി നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. പിന്നാലെ സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും കഴിഞ്ഞ ദിവസം ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി. ഇതോടെ അമ്മയുടെ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രസിഡന്റായ മോഹൻലാലിന് പങ്കെടുക്കാൻ സാധിക്കാത്തത് കൊണ്ട് യോഗം മാറ്റിവച്ചെന്ന് നേതൃത്വം പറയുമ്പോഴും കാരണം അതുമാത്രമായിരിക്കില്ല. ഈ സാഹചര്യത്തിൽ യോഗം ചേർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് നേതൃത്വത്തിന് നല്ല ബോദ്ധ്യമുണ്ട്. മുൻനിര താരങ്ങൾ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുത്തേക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം പൃഥിരാജ് നടത്തിയ വാർത്താ സമ്മേളനം. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ അമ്മയ്‌ക്കെതിരെ നിലപാടെടുത്താൽ കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നേക്കും.
പ്രമുഖ താരങ്ങൾക്കെതിരെ ഓരോ ദിവസവും ആരോപണങ്ങൾ ഉയർന്നതോടെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാണ്. അംഗങ്ങൾക്കും പൊതുജനങ്ങൾക്കും മതിപ്പുള്ള താരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടൻ ജഗദീഷ് നടത്തിയ വാർത്താ സമ്മേളനം അംഗങ്ങൾക്കുള്ളിൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷ് വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുഖം രക്ഷിക്കാൻ അമ്മയ്ക്ക് മുന്നിലുള്ള ഒരേ ഒരു വഴിയും അതുമാത്രമാണ്.
എന്നാൽ ഈ സമയത്ത് സംഘടനയുടെ ചുമതല ഏറ്റെടുക്കാൻ ജഗദീഷും അത്ര താൽപര്യപ്പെടുന്നില്ല. തന്റെ രണ്ടാം വരവിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒരുപാട് ചിത്രങ്ങളുള്ള താരമാണ് ജഗദീഷ്. ഈ സമയത്ത് സംഘടനാ ചുമതല ഏറ്റെടുത്താൽ അത് ഭാരിച്ച ഉത്തരവാദിത്തമാകുമെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല, അമ്മയുടെ ആസ്ഥാനം എറണാകുളമായിതിനാൽ ജഗദീഷിന് അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും ബുദ്ധിമുട്ടുണ്ട്. പിന്നെയുള്ള ഒരു ഓപ്ഷൻ ജയൻ ചേർത്തലയായിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെയും ചില ആരോപണങ്ങൾ ഉയരുന്നതിനാൽ പൊതുസ്വീകാര്യത കുറവാണ്.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടൻ പൃഥ്വിരാജ് മുന്നോട്ടു വച്ച 'വനിത നേതൃത്വം' എന്ന ആശയവും അമ്മയ്ക്ക് ഇപ്പോൾ പ്രയോഗിക്കാവുന്ന ഒന്നാണ്. സംഘടനയുടെ തലപ്പത്ത് ഈ സമയത്ത് വനിത നേതൃത്വം വരുന്നത് കൂടുതൽ ഗുണം ചെയ്‌തേക്കും. കൂടാതെ ടൊവിനോ തോമസ് മുന്നോട്ടുവച്ച തലമുറ മാറ്റമെന്ന ആശയവും സംഘടനയ്ക്ക് ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ഗുണം ചെയ്‌തേക്കും. യുവനടന്മാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
ബാബു രാജും പുറത്തുപോകണം
സിദ്ദിഖിന് പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജ് പുറത്തുപോകണമെന്ന് ഒരു വിഭാഗം വനിത അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ലൈംഗിക ആരോപണം നേരിടുന്ന എല്ലാ താരങ്ങളോടും വിശദീകരണം തേടണമെന്ന ആവശ്യവും അമ്മയിൽ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |