ന്യൂഡൽഹി : അഗ്നീവീർ പദ്ധതി സംബന്ധിച്ച് കോൺഗ്രസും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വളരെയധികം ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് പദ്ധതി കൊണ്ടുവന്നത്. ബ്രിട്ടൻ, യു.എസ്, ഇസ്രയേൽ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ കാലയളവിൽ സൈനിക സേവന പദ്ധതികളുണ്ട്. അഗ്നിവീറുകൾക്ക് പണം ലഭിക്കില്ല തുടങ്ങിയ കോൺഗ്രസിന്റെയും രാഹുലിന്റെയും ആരോപണങ്ങൾ തെറ്റാണ്. ഒറ്റത്തവണ സേവാനിധി പാക്കേജിന്റെ ഭാഗമായി 12 ലക്ഷം രൂപ അഗ്നിവീറിന് ലഭിക്കും. എക്‌സ് ഗ്രേഷ്യ തുകയായി 44 ലക്ഷവും കിട്ടും. സേവനത്തിനിടെ വീരമൃത്യു വരിച്ചാൽ കുടുംബത്തിന് 1.5 കോടി നൽകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഗ്നിവീർ വിഷയം കോൺഗ്രസ് വ്യാപകമായി പരാമർശിക്കുന്നതിനിടെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |