ടെൽ അവീവ്: ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേൽ ഉടൻ ആക്രമിക്കുമെന്ന് റിപ്പോർട്ട്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള, ഹമാസ് മേധാവിയായിരുന്ന ഇസ്മയിൽ ഹനിയേ എന്നിവരുടെ വധവും തെക്കൻ ലെബനനിലെ കരയാക്രമണവുമാണ് ഇസ്രയേലിനെതിരെയുള്ള വ്യോമാക്രമണങ്ങളുടെ കാരണങ്ങളായി ഇറാൻ നിരത്തുന്നത്. തിരിച്ചടിച്ചാൽ ഇസ്രയേലിനെ തകർക്കുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ ഇറാനെതിരെ പ്രതികാര നടപടിയുമായി നീങ്ങാനാണ് ഇസ്രയേലിന്റെ തീരുമാനം. സമയവും സന്ദർഭവും ഒത്തുവരുമ്പോൾ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹാഗരി അറിയിച്ചു. ഒപെക് രാജ്യങ്ങൾക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഉത്പാദകരാണ് ഇറാൻ. പാശ്ചാത്യ ഉപരോധങ്ങൾക്കിടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിറുത്താൻ ഇറാനെ സഹായിക്കുന്നത് എണ്ണ, വാതക കയറ്റുമതിയാണ്. സിവിലിയൻ കേന്ദ്രങ്ങളെ ഒഴിവാക്കിയാകും തിരിച്ചടിയെന്നും സൂചനയുണ്ട്.
അതേസമയം, എന്തിനും തയ്യാറാണെന്നും ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സജ്ജമാണെന്നും ഇറാൻ റെവലൂഷനറി ഗാർഡ് തലവൻ ജനറൽ മുഹമ്മദ് ബാഘേരി പ്രതികരിച്ചു. സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസിന് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ആക്രമണം പരാജയപ്പെട്ടെന്നും ഫലംകണ്ടില്ലെന്നുമാണ് യു.എസിന്റെ പ്രതികരണം. ഇസ്രയേലിനോടുള്ള തങ്ങളുടെ പിന്തുണ ഇരുമ്പ് പോലെ ഉറച്ചതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വെസ്റ്റ് ബാങ്കിൽ പാലസ്തീൻ വംശജൻ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനുള്ളിൽ ആൾനാശമില്ല. രണ്ട് പേർക്ക് പരിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൾമുനയിൽ ആണവ കേന്ദ്രങ്ങൾ
ഇസ്രയേലിന്റെ തിരിച്ചടി ഭീതിക്കിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ കനത്ത ജാഗ്രതയിൽ. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ പറ്റിയാണ് പുറംലോകത്തിന് അറിവുള്ളത്. ഇറാന്റെ ആണവ ഗവേഷകരെയും ഇസ്രയേൽ മുമ്പ് ലക്ഷ്യമാക്കിയിട്ടുണ്ട്. 2020ൽ ഇറാൻ റെവലൂഷനറി ഗാർഡ് ജനറലും ആണവ ശാസ്ത്രജ്ഞനുമായ മൊഹ്‌സീൻ ഫക്രിസാദേയെ ഉപഗ്രഹ നിയന്ത്റണത്തിലുള്ള തോക്കിനാൽ ഇസ്രയേൽ വധിച്ചിരുന്നു. ഇറാന്റെ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുതൽ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ വരെ ഇസ്രയേൽ ലക്ഷ്യമാക്കിയേക്കാം.
ഭൂഗർഭ ബങ്കറുകൾ
നതാൻസിലും ഫോർഡോയിലുമാണ് ഇറാനിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രങ്ങൾ. നതാൻസിലെയും ഫോർഡോയിലെയും ഭൂഗർഭ രഹസ്യ ടണലുകൾ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശക്തമായ പ്രതിരോധ വലയത്തിനുള്ളിലാണ് രണ്ടിടങ്ങളും.
എസ്‌ഫഹാൻ
ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്‌ഫഹാൻ സിറ്റി അടങ്ങുന്ന എസ്‌ഫഹാൻ പ്രവിശ്യയിൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാൻസ് അടക്കം നിരവധി ആണവ കേന്ദ്രങ്ങൾ ഇവിടെയാണ്.
ടെഹ്‌റാനിലെ പാർചിൻ, മർകാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |