ഇസ്രയേലിലുണ്ടായ ഇറാൻ ആക്രമണങ്ങളെ കുറിച്ച് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റ് മുൻ സ്പെഷ്യൽ സെക്രട്ടറിയും നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസ് സ്‌പെഷ്യലിസ്റ്റുമായ വപ്പാല ബാലചന്ദ്രൻ വിശകലനം ചെയ്യുന്നു.
ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ കൊലപാതകത്തിന് തിരിച്ചടി നൽകാനാണ് ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയയെ ജൂലായ് 31ന് ടെഹ്റാനിൽവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വലിയ തിരിച്ചടി ഇസ്രയേൽ നേരിടുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. രണ്ടുഘട്ടത്തിലായി 200ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിനെതിരെ പ്രയോഗിച്ചത്. അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിന് വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും നോർത്തേൺ ഇസ്രയേലിലെ മൂന്ന് പ്രധാന സൈനിക കേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിൽ ലക്ഷ്യം നേടാനായെന്നാണ് ഇറാന്റെ അവകാശവാദം.
ചില വിദേശ മാദ്ധ്യമങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, മിസൈൽ ആക്രമണത്തെ ആകാശത്തുവച്ചു തന്നെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്. ഇതിനുപകരം ഇറാന് വലിയ തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലെബനനിൽ വെടിനിർത്തലുണ്ടാക്കണമെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിനെ അനുകൂലിക്കുന്നില്ല. അമേരിക്കയുടെയും മറ്റുമുള്ള സമ്മർദ്ദങ്ങൾ തുടരുന്നതിനിടെയാണ് ഹിസ്ബുള്ള നേതൃത്വത്തെ ഇല്ലാതാക്കാൻ ഇസ്രയേൽ നടപടിയെടുക്കുകയും നസറുള്ളയുടെ കൊലപാതകത്തിന് ഇറാൻ തിരിച്ചടി നൽകുകയും ചെയ്തത്.
ഇറാന്റെ കടന്നാക്രമണത്തിനെതിരെ ഇസ്രയേൽ എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താതിരിക്കാൻ നെതന്യാഹുവിനുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അതിന് വിരുദ്ധമായി എന്തെങ്കിലും ആക്രമണമുണ്ടായാൽ അതൊരു മതയുദ്ധമായി മാറാനിടയുണ്ട്.
തീവ്രവാദ യുദ്ധത്തിന്
പിന്തുണ കിട്ടില്ല
തീവ്രവാദത്തെ അനുകൂലിക്കുന്ന വിധത്തിൽ ഇരുചേരികളായി നിന്നുകൊണ്ടുള്ള മറ്റൊരു മഹായുദ്ധത്തിന് ലോകരാജ്യങ്ങൾ തയ്യാറാവില്ല. ഇറാനുമായി റഷ്യയ്ക്ക് നല്ല ബന്ധവും പരോക്ഷമായി സഹായിക്കാറുമുണ്ടെങ്കിലും പക്ഷംചേർന്ന് ഒരു യുദ്ധത്തിലേക്ക് കടക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഏതെങ്കിലും രാജ്യം ഇസ്രയേലിനെ ആക്രമിക്കാതിരിക്കാനുള്ള സംരക്ഷിത കവചമാണ് അമേരിക്ക ഒരുക്കിയിട്ടുള്ളത്. അതിനപ്പുറത്തേക്ക് ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ അമേരിക്കയോ മറ്റ് യൂറോപ്യൻ രാജ്യങ്ങളോ പിന്തുണയ്ക്കില്ല. റഷ്യ യുക്രെയിനെ ആക്രമിച്ചപ്പോഴുണ്ടായ പശ്ചാത്തലത്തിൽ തന്നെയാണ് ഇസ്രയേലും ഇറാനുമായുള്ള സംഘർഷത്തെയും നോക്കിക്കാണുന്നത്.
ലക്ഷ്യം കാണാത്ത
ഓസ്ലോ അക്കോർഡ്
അടുത്തുള്ള രാജ്യങ്ങളെ നിയന്ത്രിക്കാനും വരുതിയിൽ നിറുത്താനുമാണ് ഇസ്രയേൽ ശ്രമിച്ചിട്ടുള്ളത്. അതിനായാണ് പല യുദ്ധങ്ങളും നടത്തിയിട്ടുള്ളത്. എന്നാൽ, സമാധാനം ഉറപ്പിക്കാനോ നയതന്ത്രപരമായുള്ള ശാശ്വതമായ ഒരുവിജയം അവകാശപ്പെടാനോ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 1948ന് ശേഷമുണ്ടായ അഞ്ച് യുദ്ധങ്ങളിലും തന്ത്രപരമായ വിജയങ്ങൾ മാത്രമാണ് ഇസ്രയേലിന് ഉണ്ടായിട്ടുള്ളത്. ഭീതിയൊഴിഞ്ഞ സാഹചര്യമുണ്ടായിട്ടില്ല. ജനങ്ങൾക്ക് സൗഹാർദ്ദമായി ജീവിക്കാനാകുന്ന വിധത്തിൽ പാലസ്തീനെയും ഇസ്രയേലിനെയും രണ്ട് സ്റ്റേറ്റുകളാക്കിയുള്ള ഓസ്ലോ അക്കോർഡാണ് നേരത്തെയും അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ളത്.
ഈ നിലപാടുമായി മുന്നോട്ടുപോകാൻ അമേരിക്കയ്ക്ക് പോലും കഴിയാത്ത സാഹചര്യമാണ് എപ്പോഴും ഇവിടെയുണ്ടായിട്ടുള്ളത്. ഇസ്രയേലിനെയോ യുദ്ധത്തെ അനുകൂലിക്കാത്ത അവിടത്തെ 50 ശതമാനം ജൂതന്മാരെയോ പിണക്കാൻ പലവിധത്തിൽ സഹായിക്കുന്ന അമേരിക്ക തയ്യാറല്ല. പ്രത്യേകിച്ചും അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ.
(തയ്യാറാക്കിയത് ജിജി ലൂക്കോസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |