കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ.ജോസ്.കെ മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നാണ് ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കും മുമ്പ് മുഴങ്ങിക്കേട്ട പേര്. നിഷയെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ ചർച്ചകൾ സജീവമായിരുന്നു. യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അന്തരിച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വരണമെന്നയിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, നിഷ സ്ഥാനാർത്ഥിയാവുന്നതിൽ കേരളകോൺഗ്രസ് (എം) മുതിർന്ന നേതാവ് പി.ജെ. ജോസഫ് എതിർത്തിരുന്നു. തുടർന്ന് അപ്രതീക്ഷിതമായാണ് ജോസ് ടോമിനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത്.
എന്നാൽ, സ്ഥാനാർത്ഥിത്വം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.എം മാണി ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിഷ വ്യക്തമാക്കി. "കെ.എം. മാണി രണ്ട് കാര്യങ്ങളാണ് എന്നെയും ജോസ്.കെ.മാണിയെയും ഏൽപ്പിച്ചത്. കുട്ടിയമ്മയും പാലായും. ആ ഉത്തരവാദിത്തം ഭംഗിയായി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. പാലായിലെ എല്ലാ വീട്ടുകാരും കെ.എം. മാണിയുടെ അസാന്നിധ്യം അനുഭവിക്കുന്നു. അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കുചേരുകയാണ് ഞങ്ങൾ ചെയ്യുന്നത്"-നിഷ പറഞ്ഞു.
കെ.എം മാണിയാണ് തങ്ങളുടെ ശക്തിയെന്നും നിഷ വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ പോയില്ലെങ്കിലും മരണാനന്തര ചടങ്ങുകളിൽ പോകണമെന്നു പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. "അടുത്തിടെ ഞാനൊരു മരണാനന്തര ചടങ്ങിൽ പോയി. ശാരീരിക സുഖമില്ലാത്തതിനാൽ വീടിനു പുറത്തു നിന്നാണ് പ്രാർത്ഥിച്ചത്. ഞാൻ ചെന്നത് ആരും കണ്ടില്ല. പിന്നീടു കണ്ടപ്പോൾ വീട്ടുകാർ പരാതി പറഞ്ഞു. മരണാനന്തര ശുശ്രൂഷകളിൽ പങ്കെടുക്കുമ്പോൾ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിക്കണമെന്നും ഞാൻ പഠിച്ചു"-നിഷ വ്യക്തമാക്കി.
നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ഞങ്ങളെന്നും അതെല്ലാം രാഷ്ട്രീയമോഹം വച്ചിട്ടാണെന്നു ചിലർ പറയുമ്പോൾ വിഷമം തോന്നുന്നതായും നിഷ പറഞ്ഞു. സമൂഹത്തിന് ഒരു സഹായവും ചെയ്യാത്ത ചിലരാണ് വിമർശിക്കുന്നതെന്നും അതാണ് കൂടുതൽ വിഷമമെന്നും അവർ പറഞ്ഞു.