ചെന്നൈ: അണ്ണാ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ച് ചെന്നൈ മഹിളാ കോടതി. കുറഞ്ഞത് 30 വർഷമെങ്കിലും പരോളോ ശിക്ഷായിളവോ ജയിലിൽ പ്രത്യേക പരിഗണനയോ ഇല്ലാതെ പ്രതി തടവിൽ കഴിയണമെന്നും ജഡ്ജി എം.രാജലക്ഷ്മി ഉത്തരവിട്ടു. മാനഭംഗം ഉൾപ്പെടെ 11 കുറ്റങ്ങളിലും പ്രതി കുറ്റകാരനാണെന്ന് കഴിഞ്ഞ മാസം 29ന് കോടതി കണ്ടെത്തിയതായിരുന്നു.
അതേസമയം,പ്രായമായ അമ്മയുടെയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെയും പേര് പറഞ്ഞ് ശിക്ഷായിളവിന് അപേക്ഷിച്ച ജ്ഞാനശേഖരന്റെ വാദങ്ങളെല്ലാം കോടതി തള്ളി. അഞ്ച് മാസത്തിനുള്ളിൽ പെൺകുട്ടിക്ക് നീതി ഉറപ്പാക്കി കേസ് അന്വേഷിച്ച പൊലീസിനെ കോടതി പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബർ 23ന് രാത്രി എട്ടിന് ക്യാമ്പസിൽ വച്ചാണ് രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി അതിക്രമത്തിന് ഇരയായത്. ആൺസുഹൃത്തിനൊപ്പം നിൽക്കുകയായിരുന്നു യുവതി. പരിസരത്ത് ബിരിയാണി വില്പന നടത്തിയിരുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ ഇവരെ ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്ര് സുഹൃത്ത് ഓടിപ്പോകുകയും പ്രതി യുവതിയെ ഉപദ്രവിക്കുകയുമായിരുന്നു.
24ന് കോട്ടൂർപുരം ഓൾ വിമൻ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. കേസിന്റെ എഫ്.ഐ.ആർ ചോർന്നത് വിവാദമായിരുന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതി അന്വേഷണത്തിനായി വനിതകൾ മാത്രമുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുഹൃത്തും സർവകലാശാലാ സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിക്കെതിരെ ചെന്നൈയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുണ്ട്.
അതേസമയം,വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി സ്റ്റാലിൻ,കേസ് രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. ഇരുട്ടിന്റെ മറവിൽ 19കാരിയോട് അതിക്രമം കാട്ടിയവൻ 30 വർഷം ഇനി ജയിലറയുടെ ഇരുട്ടിൽ കഴിയുമെന്ന് ആദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |