തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ വൃക്ഷതൈകൾ എവിടെയെന്ന് വനംവകുപ്പ്. ഇതിനോടകം ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നട്ടിട്ടും കാടുണ്ടായില്ല. അതുകൊണ്ട് ഇത്തവണ വനംവകുപ്പിൻ നിന്നുള്ള സൗജന്യ തൈ വിതരണം നിറുത്തി. ഇതോടെ ലോക പരിസ്ഥിതി ദിനമായ ഇന്ന് വൃക്ഷത്തൈ നടാൻ സ്കൂൾ, കോളേജ് അധികൃതർ സ്വന്തം കീശയിൽനിന്ന് പണം മുടക്കേണ്ടിവരും. വിദ്യാലയങ്ങളിലൂടെ വിതരണം ചെയ്ത വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചെങ്കിലും പരിപാലനം ലഭിക്കാതെ ഭൂരിഭാഗവും നശിച്ചു. ഇതാണ് സൗജന്യ വിതരണം നിറുത്താൻ വനംവകുപ്പിനെ പ്രേരിപ്പിച്ചത്. കൂടാതെ വൃക്ഷത്തൈ ഉത്പാദിപ്പിക്കുന്നതിനുള്ള സർക്കാർ വിഹിതം 10 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇതോടെ പ്രധാന വൃക്ഷത്തൈ ഉത്പാദന കേന്ദ്രങ്ങളായ നിലമ്പൂർ, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറികളിൽ നിന്ന് 24 രൂപ നിരക്കിൽ തൈ വാങ്ങേണ്ട സ്ഥിതിയിലാണെന്ന് സ്കൂൾ, കോളേജ് അധികൃതർ പറയുന്നു.
40 ലക്ഷത്തിലേറെ തൈകൾ
2021 വരെ 40 ലക്ഷത്തിലേറെ തൈകളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. 2022ന് ശേഷം സാമൂഹിക വനവത്കരണം വനം, തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള വൃക്ഷ സമൃദ്ധി, വനസമൃദ്ധി എന്നീ പദ്ധതികളാക്കി മാറ്റി. വനം- തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃക്ഷസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. വനസമൃദ്ധി വനംവകുപ്പിന്റെ നേതൃത്വത്തിലും. ഈ പദ്ധതികൾക്ക് വനംവകുപ്പാണ് തൈകൾ ഉത്പാദിപ്പിച്ച് നൽകുന്നത്. 2022ന് ശേഷം 40 ലക്ഷത്തോളം തൈകൾ രണ്ട് പദ്ധതികൾക്കുമായി ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ, ഇത്തവണ ഒരു ലക്ഷത്തോളം തൈകൾ മാത്രമാണ് ഉത്പാദിപ്പച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഉദ്പാദിപ്പിച്ച തൈകൾ
2019ൽ............63.18 ലക്ഷം
2020ൽ............. 58.6 ലക്ഷം
2021ൽ .............46.62 ലക്ഷം
വന്യജീവി ആക്രമണത്തിലുള്ള നഷ്ടപരിഹാരത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ ബഡ്ജറ്റിൽ കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സോഷ്യൽ ഫോറസ്ട്രിക്കുള്ള തുക കുറഞ്ഞത്. ഇത് വിത്തുത്പാദന പദ്ധതികളെ ബാധിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും."
: മന്ത്രി എ.കെ. ശശീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |