ഷില്ലോംഗ്: നവവരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭാര്യ സോനം രഘുവംശി. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആഭരണങ്ങൾ കവരാനെത്തിയ അക്രമി സംഘത്തെ ചെറുക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നും ഇവർ പൊലീസിന് മൊഴി നൽകി. തനിക്ക് മയക്കുമരുന്ന് നൽകി ആരോ ഉത്തർ പ്രദേശിലെ ഗാസിയാബാദിലെത്തിച്ചു. മറ്റൊന്നും തനിക്ക് ഓർമ്മയില്ലെന്നും പറഞ്ഞു. എന്നാൽ ഇത് വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് അറിയിച്ചു. സോനവും കാമുകൻ രാജ് കുശ്വാഹയും ചേർന്നുള്ള ആസൂത്രണം തന്നെയാണ്. ഇതിന് ശക്തമായ തെളിവ് ലഭിച്ചെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇരയാണെന്ന് വരുത്തിത്തീർക്കാനാണ് സോനത്തിന്റെ ശ്രമം. ചോദ്യം ചെയ്യലിനോട് സോനം സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. യു.പി പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതികളെ മൂന്ന് ദിവസത്തേക്ക് മേഘാലയ പൊലീസിന് കൈമാറിയിരിക്കുകയാണ്. കൊലയ്ക്ക് മുമ്പും ശേഷവും വാടക കൊലയാളികളുമായി സോനം ഫോണിൽ സംസാരിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഷില്ലോംഗിൽ നിന്ന് സോനം പോയത് ഗുവാഹത്തിയിലേക്കാണ്. അവിടെ വച്ചും രാജ് കുശ്വാഹയുമായി ഫോണിൽ സംസാരിച്ചു. കൊലപാതകം ആസൂത്രണം ചെയതത് സോനമാണെന്നും മണിക്കൂറുകളോളം സോനം കാമുകനുമായി ഫോണിൽ സംസാരിച്ചത് തെളിവാണെന്നും കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കുടുംബം ആരോപിച്ചു.
ഒഴിഞ്ഞുമാറി
പല ചോദ്യങ്ങളിൽ നിന്നും സോനം ഒഴിഞ്ഞുമാറുകയാണെന്ന് പൊലീസ് അറിയിച്ചു. 16 ദിവസമായി എവിടെയായിരുന്നു,
മൃതദേഹം കണ്ടെത്തിയ മേഘാലയ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് എങ്ങനെ രക്ഷപ്പെട്ടു, കാശിധാബയിൽ എത്തിയതെങ്ങനെ തുടങ്ങിയവ വിശദീകരിക്കാൻ സോനം തയ്യാറായില്ല.
ലൈവ് ലൊക്കേഷൻ കൊടുത്തു
മേയ് 11ന് വിവാഹിതരായ ദമ്പതികൾ 20നാണ് മധുവിധുവിനായി മേഘാലയയിലെത്തിയത്. സോനം ലൈവ് ലൊക്കേഷൻ അയച്ചതനുസരിച്ച് കൊലയാളികളും അവിടെയെത്തി. ഗുവാഹത്തിയിൽനിന്ന് ഇവർ മഴു വാങ്ങി. പിന്നീട് ഷില്ലോംഗിൽ ദമ്പതികൾ താമസിക്കുന്ന ഹോട്ടലിനടുത്ത് മുറിയെടുത്തു. മേയ് 23ന് സോനം ഭർത്താവിനെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോയി. കൊലയാളികളും പിന്നാലെയെത്തി. താൻ ക്ഷീണിച്ചെന്ന് സോനം ഭർത്താവിനോട് പറഞ്ഞു. നടത്തം പതുക്കെയാക്കി. ഭർത്താവ് മുന്നിൽ നടന്നപ്പോൾ കൊലയാളികളോട് 'അവനെ കൊല്ല്' എന്ന് നിർദ്ദേശിച്ചു. കാമുകൻ രാജ് സിംഗ് കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. ഇൻഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |