അഹമ്മദാബാദ് : അവൻ ഒന്നും അറിഞ്ഞുപോലും കാണില്ല. ഉറക്കത്തിനിടെ ആ 14കാരനെ തീ വിഴുങ്ങി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിക്ക് പുറത്ത് കൽപേഷ് പട്നിയെന്ന യുവാവ് നിലവിളിച്ചു. ആശ്വസിപ്പിക്കാനാകാതെ അവനുചുറ്റും ആളുകൾ നിന്നു. അനിയൻ ആകാശിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഏറ്റുവാങ്ങാനായി കാത്തിരിക്കുകയാണ് കൽപേഷ്. 'എന്റെ സഹോദരൻ പോയി' എന്ന് അവൻ നിലവിളിച്ചുകൊണ്ടിരുന്നു.. ആകാശിന്റെ മുത്തശ്ശി ബാബിബെൻ സങ്കടം അണപൊട്ടി അടുത്തിരുന്നു. 'എന്റെ കുഞ്ഞ് കത്തിക്കരിഞ്ഞുപോയി, അവനില്ലാതെ ജീവിക്കാനാകില്ല, അവനെ തിരിച്ചുതരൂ'- അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
വിമാനത്തിൽ കയറുന്നത് സ്വപ്നം പോലും കഴിയാനാവാത്ത സാഹചര്യമാണ് കൽപേഷിനും ആകാശിനും. തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ല. മേഘാനി നഗറിലെ ചേരിയിൽ കഴിഞ്ഞിരുന്ന ആകാശിനേയും കുടുംബത്തേയും വീട്ടുടമസ്ഥൻ രണ്ടാഴ്ച മുമ്പ് ഇറക്കിവിട്ടതിനാൽ ബി.ജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലുകൾക്ക് സമീപമുള്ള ചായക്കടയ്ക്ക് ചുറ്റുമായിരുന്നു ഉറക്കം.
അപകട സമയം ചായക്കടയ്ക്ക് എതിർവശത്തുള്ള നടപ്പാതയിൽ ഉറങ്ങുകയായിരുന്നു ആകാശ്. വിമാനം ഇടിച്ചിറങ്ങുന്ന ശബ്ദം കേട്ടുണരാൻ പോലും അവന് കഴിഞ്ഞില്ല. അപ്പോഴേക്കും തീ വിഴുങ്ങിയിരുന്നു. തീ പടർന്നതോടെ ആകാശ് നിലവിളിച്ചു. ചായക്കടയിലുണ്ടായിരുന്ന അമ്മ സീത അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് തീ അണക്കാൻ ശ്രമിച്ചു. ഇതിനിടയിൽ സീതക്കും പൊള്ളലേറ്റു. ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് സീത. അച്ഛൻ ഓട്ടോ ഡ്രൈവറായ സുരേഷ് ആ സമയം സ്ഥലത്തുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |