ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ മുതൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകുന്നത് നിറുത്തി.വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണിത്. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (രാജസ്ഥാൻ, യുപി, ഹരിയാന സംസ്ഥാനങ്ങളുടെ ഭാഗം) രജിസ്റ്റർ ചെയ്‌ത ഇരുചക്ര വാഹനങ്ങൾ, കാറുകൾ, വാണിജ്യ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്‌ക്കാണ് ബാധകം. ഡൽഹിയിൽ മാത്രം ഏകദേശം 62 ലക്ഷം വാഹനങ്ങളെയാണ് ഇത് ബാധിക്കുക. ഡൽഹിയിൽ സർവീസ് നടത്തിയിരുന്ന അയൽ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്(ഹരിയാന-27.5 ലക്ഷംൻ യു.പി 12.69 ലക്ഷം, രാജസ്ഥാൻ 6.2 ലക്ഷം).
പഴയ വാഹനങ്ങളെ കണ്ടെത്തി തിരിച്ചയ്‌ക്കാൻ പെട്രോൾ പമ്പുകളിൽ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. 498 പമ്പുകളിൽ നമ്പർ പ്ളേറ്റ് നോക്കി പഴയ വാഹനങ്ങൾ തിരിച്ചറിയുന്ന 'ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ' കാമറകളും സ്ഥാപിച്ചു. പഴയ വാഹനങ്ങൾ വരുമ്പോൾ അവ മുന്നറിയിപ്പ് നൽകും. ട്രയൽ റൺ നടത്താതെയാണ് തീരുമാനം നടപ്പാക്കിയതെന്ന് ഡൽഹി നിവാസികൾ പരാതിപ്പെടുന്നു. പല പമ്പുകളിലും ജീവനക്കാർക്ക് പഴയ വാഹനങ്ങളെ തിരിച്ചറിയാൻ പരിശീലനം ലഭിച്ചിട്ടില്ലെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |