ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ധാക്കയിലെ 'ഗണഭബനെ" മ്യൂസിയമാക്കി മാറ്റി ഇടക്കാല സർക്കാർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന്റെ ഒന്നാം വാർഷികമായ ഇന്ന് 'ജൂലായ് വിപ്ലവ സ്‌മാരക മ്യൂസിയം" എന്ന പേരിൽ ഇത് ഉദ്ഘാടനം ചെയ്യും.
നിലവിൽ വസതിയെ മ്യൂസിയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അതിനാൽ അന്തിമ അനുമതി ലഭിച്ച ശേഷമേ പൊതുജനങ്ങൾക്കായി തുറക്കപ്പെടൂ. ഹസീന അടക്കം മുൻ പ്രധാനമന്ത്രിമാർ താമസിച്ചിരുന്ന വസതിയാണിത്. 1973ൽ ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാനാണ് പാർലമെന്റിന് അടുത്തായി അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ആഡംബര വസതിയായ ഗണഭബൻ നിർമ്മിച്ചത്
ഗണഭബനെ 'ഹസീനയുടെ കുടുംബ വസതി"യെന്ന് വിശേഷിപ്പിച്ച ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്, ഹസീനയുടെ 'ദുർഭരണ"ത്തെ പ്രതിനിധീകരിക്കുന്ന മ്യൂസിയമായി ഗണഭബൻ മാറുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ ഹസീനയ്ക്കെതിരെ ചുമത്തിയ കേസുകളിൽ ബംഗ്ലാദേശ് കോടതിയിൽ വിചാരണ തുടങ്ങിയിരുന്നു.
കൊള്ളയടിക്കപ്പെട്ടു
2010 മുതൽ 2024 ആഗസ്റ്റ് 5ന് രാജിവയ്ക്കും വരെ ഹസീന കഴിഞ്ഞത് ഇവിടെ
സർക്കാർ ജോലികളിലെ സംവരണത്തിന്റെ പേരിൽ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭം കലാപമായതോടെ ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടി
പ്രക്ഷോഭകാരികൾ ഗണഭബനിലേക്ക് ഇരച്ചുകയറുമെന്നതായതോടെ ഹസീന രാജ്യംവിടാൻ നിർബന്ധിതയായി
കലാപകാരികളെ കൊല്ലാൻ ഹസീന പൊലീസിന് അനുമതി നൽകിയെന്ന് കാട്ടി ഗണഭബനിലേക്ക് അതിക്രമിച്ചു കടന്ന ജനക്കൂട്ടം അവിടെയുണ്ടായിരുന്ന സാരികൾ മുതൽ വളർത്തു മൃഗങ്ങളെ വരെ കൊള്ളയടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |