ന്യൂഡൽഹി: പാർലമെന്റ് സെലക്‌ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങളോടെ പുതുക്കിയ ആദായ നികുതി നിയമം 2025 ലോക് സഭ പാസാക്കി. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബിൽ ചർച്ചകൾ ഇല്ലാതെയാണ് പാസാക്കിയത്. ഫെബ്രുവരി 13ന് ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ആദായ നികുതി ബിൽ പാകപ്പിഴകൾ പരിഹരിക്കാൻ കഴിഞ്ഞ വാരം പിൻവലിച്ചിരുന്നു. 1961ലെ ആദായ നികുതി ആക്ടിന് പകരമായാണ് ലളിതമായ വ്യവസ്ഥകളോടെ എളുപ്പത്തിൽ മനസിലാക്കാവുന്ന പുതിയ ആദായ നികുതി നിയമം തയ്യാറാക്കിയത്. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ പാർലമെന്റിന്റെ സെലക്‌ട് കമ്മിറ്റിയുടെ നിർദേശങ്ങൾ അംഗീകരിച്ചാണ് പുതുക്കിയ ബിൽ അവതരിപ്പിച്ചത്.
നിയമപരമായ വ്യാഖ്യാനങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായാണ് സെലക്‌ട് കമ്മിറ്റി നിർദേശങ്ങൾ ഉൾപ്പെടുത്തി ബിൽ പുതുക്കിയതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
ആറ് പതിറ്റാണ്ടായി നിലനിൽക്കുന്ന ആദായ നികുതി നിയമങ്ങൾ കാലികമായി പരിഷ്കരിക്കാനും ലളിതമാക്കാനുമാണ് പുതിയ ബിൽ. ഡിജിറ്റൽ ടാക്‌സേഷനുള്ള വകുപ്പുകൾ, തർക്കപരിഹാരത്തിന് വ്യവസ്ഥാപിത സംവിധാനങ്ങൾ, സാങ്കേതികവിദ്യയും ഡേറ്റ അവലോകന മാർഗങ്ങളും ഉപയോഗിച്ച് നികുതി നിശ്ചയിക്കാനുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലായ് 21നാണ് സെലക്‌ട് കമ്മിറ്റി 4,500 പേജുകളിലായി 285 നിർദേശങ്ങളുമായി റിപ്പോർട്ട് സമർപ്പിച്ചത്.
ഇനി മുതൽ നികുതിവർഷം
1. ആശയക്കുഴപ്പമില്ലാതെ ലളിതമായി നികുതി റിട്ടേൺ നൽകാൻ സംവിധാനം
2. അസസ്‌മെന്റ് വർഷത്തിന് പകരം നികുതി വർഷമാകും
3. തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ വ്യക്തമായ മാർഗനിർദേശങ്ങൾ
4. ചെറുകിടക്കാർക്കും കച്ചവടക്കാർക്കും എം.എസ്.എം.ഇകൾക്കും അനുയോജ്യം
5. റിട്ടേൺ വൈകിയാലും റീഫണ്ട് നൽകുന്നതിന് തടസമില്ല
6. ഭവന പദ്ധതികളിൽ നിന്നുള്ള വരുമാനത്തിന് ടി.ഡി.എസ്, പലിശ ഡിഡക്ഷൻ
വായ്പാ നിയന്ത്രണം:
ഇളവു തേടി സംസ്ഥാനം
6000 കോടി അധികം കടമെടുക്കണം
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്പാ നിയന്ത്രണങ്ങളിൽ ഇളവുതേടി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകൾ കൂടാതെ നടപ്പു സാമ്പത്തിക വർഷം 6000 കോടി രൂപ അധികം കടമെടുക്കാൻ അനുവദിക്കണമെന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു.
ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ച 3,323 കോടി രൂപയും മുൻവർഷമെടുത്ത അധികവായ്പകളുടെ അടിസ്ഥാനത്തിൽ കുറവു വരുത്തിയ 1,877 കോടി രൂപയും നൽകണമെന്ന് കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഐ.ജി.എസ്.ടി കുടിശികയിലെ കുറവ് നികത്താൻ മുൻകൂട്ടി അനുവദിച്ച തുകയിൽ നിന്ന് 965.16 കോടി രൂപ കുറച്ചത് പുന:സ്ഥാപിക്കണം. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ കേന്ദ്രത്തിൽ നിന്ന് കടമെടുത്ത തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |