കൊണ്ടോട്ടി: ഹജ്ജ് തീർത്ഥാടനത്തിനായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിച്ചിരുന്ന കരിപ്പൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുത്തവർക്ക് യാത്രാ നിരക്കിൽ കഴിഞ്ഞതവണത്തെ പോലെ അമിത നിരക്ക് നൽകേണ്ടി വരുമോ എന്ന ആശങ്ക നിലനിൽക്കുന്നു. മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ കുറച്ച് തീർത്ഥാടകർ മാത്രമാണ് കരിപ്പൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈടാക്കുന്നതാണ് തീതീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് ഉണ്ടാവാൻ കാരണം. സ്വന്തം നാട്ടിൽ നിന്നും തീർത്ഥാടനത്തിന് പുറപ്പെടണമെന്ന വൈകാരിക സമീപനം ഉള്ളവരാണ് കരിപ്പൂർ തിരഞ്ഞെടുത്തവരിൽ ഭൂരിഭാഗവും. 2024ൽ പതിനായിരത്തിനു മുകളിൽ യാത്രക്കാർ ഉണ്ടായിരുന്ന കരിപ്പൂരിൽ ഇത്തവണ 632 പേർ മാത്രമാണ് തെരഞ്ഞെടുത്തത്.
സൗകര്യങ്ങളേറെ
സംസ്ഥാനത്തെ മറ്റ് പുറപ്പെടൽ കേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് കരിപ്പൂർ പുറപ്പെടൽ കേന്ദ്രം. വിമാനത്താവളത്തോട് ചേർന്നുകൊണ്ട് തന്നെ കുറഞ്ഞ ദൂരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടെയുള്ള ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നു എന്നതാണ് കരിപ്പൂരിന്റെ പ്രത്യേകത. 72,000 ചതുരശ്ര അടിയിൽ നാലു നിലകളിലായാണ് ഇവിടെ ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വനിത ഹാജിമാർക്കായി 31094 സ്‌ക്വയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലയിൽ പണികഴിപ്പിച്ചിട്ടുള്ള വനിതാ ബ്ലോക്കും പ്രത്യേകമായി ഉണ്ട്.
കരിപ്പൂർ പുറപ്പെടൽ കേന്ദ്രം നിലനിറുത്തുന്നതിനും തീർത്ഥാടകരെ കരിപ്പൂരിലേക്ക് തിരികെയെത്തിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തവണ വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ കൂടുതൽ വിമാന കമ്പനികളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കഴിഞ്ഞതവണ ടെൻഡറിൽ എയർ ഇന്ത്യ മാത്രമാണ് പങ്കെടുത്തത്. ഇത്തവണ സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള വിമാന കമ്പനികളെ കൊണ്ടുവരാനാണ് ശ്രമം. മറ്റു വിമാന കമ്പനികൾ എത്തുകയാണെങ്കിൽ നിരക്ക് കുറയ്ക്കാനാവും
മന്ത്രി വി. അബ്‌ദുറഹ്മാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |