താനൂർ: ഒരു പാലം യാഥാർത്ഥ്യമായാൽ മാറുന്നത് ഒരു നാടിന്റെ മുഖച്ഛായയാണെന്നും പാലം ഉദ്ഘാടന സമയത്തെ വൻ ജന പങ്കാളിത്തം ഇതിനുദാഹരണമാണെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. താനൂർ മണ്ഡലത്തിൽ തിരൂർ പുഴയ്ക്ക് കുറുകെ പുതിയതായി നിർമ്മിക്കുന്ന കോട്ടിലത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.
തിരൂർ റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് 34 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രദേശത്തെ ബംഗ്ലാംകുന്ന് മീശപ്പടി റോഡ് വളരെ ശോചനീയമാണ്. ഇത് ബിഎംബിസി ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. നാലു കോടി 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വൈലത്തൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് റോഡിന്റെ പൂർത്തീകരണം അധികം വൈകാതെ നടക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ട് മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനാണ് തീരുമാനം. സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾക്ക് പണം നൽകി വരികയാണ്. ഈ മാസം അവസാനത്തോടെ പണി ആരംഭിക്കും.
അഞ്ചുടിയിൽ പാലം നിർമ്മാത്തിനായി 21 കോടിയും തകർന്ന ഉണ്ണിയാൽ പാലം പുതുക്കുന്നതിന്റെ ഭാഗമായി 16 കോടിയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറിയമുണ്ടം പഞ്ചായത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ബഡ്സ് സ്‌കൂൾ നിർമ്മിക്കാൻ ഒരു കോടി രൂപ വകയിരുത്തിയതായും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |