തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെപ്തംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നും പകരം രണ്ടു മന്ത്രിമാരെ അയയ്ക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു, ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എം.കെ.സ്റ്റാലിനെ അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതിനെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഘടകം രംഗത്തെത്തിയതിനു പിന്നാലെ തമിഴ്നാട്ടിലും വിവാദമായിരുന്നു. സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നവർ അയ്യപ്പ സംഗമത്തിനു പോകുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ ആരോപണം കാരണമാണ് സ്റ്റാലിൻ പിൻവാങ്ങിയത് എന്ന ആരോപണം ഡി.എം.കെ തള്ളി.
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സെപ്തംബർ 20ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മുഖ്യാതിഥിയായി സ്റ്റാലിനെ നേരിട്ട് കണ്ട് മന്ത്രി വി.എൻ.വാസവൻ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുരുപയോഗം ചെയ്താൽ തടയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |