തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിൽ താത്പര്യമുള്ള എല്ലാ വിശ്വാസികളെയും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. സംഘപരിവാർ സംഘടനകളേയും ക്ഷണിക്കും.
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചത്. ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചത്. മൂന്നു വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യും. ഇതിലൊന്നാണ് ശബരിമലയുടെ വികസനം. ചർച്ചയിൽ ഇതിന്റെ മാസ്റ്റർപ്ലാൻ അവതരിപ്പിക്കും. ആത്മീയത, സാംസ്‌കാരികം എന്നിവയാണ് മറ്റു വിഷയങ്ങൾ. 3000 പ്രതിനിധികളിൽ 500 പേർ കേരളത്തിനും രാജ്യത്തിനും പുറത്തുള്ളവരാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവരെയൊക്കെ പങ്കെടുപ്പിക്കും.
വൈറസെന്ന് പറഞ്ഞവർക്കും
ക്ഷണം:വി.മുരളീധരൻ
സനാതന ധർമ്മം വൈറസെന്ന് പറഞ്ഞ സ്റ്റാലിനെയും അയ്യപ്പ സംഗമത്തിന് ക്ഷണിക്കുന്നത്
പരിഹാസ്യമാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരൻ പറഞ്ഞു.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനായി പിണറായി സർക്കാർ നടത്തുന്ന നാടകത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കുട പിടിക്കരുത്.കോടതി ഉത്തരവിന്റെ മറവിൽ വേഷപ്രച്ഛന്നരാക്കി യുവതികളെ മല കയറ്റാൻ തന്ത്രം മെനഞ്ഞവരാണ് സി.പി.എം സർക്കാർ. ഗണപതി മിത്താണെന്ന് വിശ്വസിക്കുന്ന സ്പീക്കറുടെ പാർട്ടി പമ്പാഗണപതിക്ക് മുന്നിൽ സമ്മേളനം നടത്തുന്നത് വിശ്വാസത്തെ കച്ചവടച്ചരക്കാക്കാനാണെന്നും വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |