
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രാത്രിയാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്ന പുതിയ തലമുറ ട്രെയിനാണിതെന്നും ഇതിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കോച്ചുകളിലും ലോക്കോപൈലറ്റിന്റെ കാബിനിലും മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യാത്രയ്‌ക്കിടെ ഉണ്ടാകുന്ന കുലുക്കം കുറയ്‌ക്കാൻ പുതിയ സെമി- ഓട്ടോമാറ്റിക് കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിനിൽ സിസിടിവി കാമറകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത സീറ്റുകൾ, വെള്ളം അമിതമായി പാഴാകാത്ത വിധത്തിലുള്ള ആധുനിക ടോയ്‌ലെറ്റുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയിലുള്ള പാൻട്രി ക്രമീകരണവും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കായി പ്രത്യേക ബർത്തുകളും ഒരുക്കിയിട്ടുണ്ട്.

ദീർഘദൂരയാത്രകൾ ചെയ്യുന്ന സാധാരണക്കാർക്ക് ട്രെയിനുകൾ കൂടുതൽ സുഖകരവും വിശ്വസനീയവുമായ യാത്രാമാദ്ധ്യമമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഈ മാസം അവസാനത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘദൂര രാത്രിയാത്രകൾ ലക്ഷ്യമിട്ട് പൂർണമായ എയർ കണ്ടീഷനിൽ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന ട്രെയിനുകളാണ് വന്ദേഭാരത് സ്ലീപ്പറുകൾ. രണ്ട് വന്ദേഭാരത് സ്ലീപ്പറുകൾ ഇതിനകം തയ്യാറായിട്ടുണ്ടെന്നും അവയുടെ പരീക്ഷണ ഓട്ടം പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.
1200 മുതൽ 1500 കിലോമീറ്റർ വരെ ദൂരമുള്ള റൂട്ടുകളിലാണ് ഇവ സർവീസ് നടത്തുക. ആദ്യ സർവീസ് ഗുവാഹത്തി- കൊൽക്കത്ത റൂട്ടിലായിരിക്കും . കൗറയും കാമാഖ്യയും ഉൾപ്പെടുന്നതാണ് ഈ റൂട്ട്. ഓരോ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലും 16 കോച്ചുകൾ വീതം ഉണ്ടാകും. നാല് എസി ടു ടയർ കോച്ചുകൾ, ഒരു എസി ഫസ്‌റ്റ് ക്ലാസ് കോച്ച് എന്നിവയും ഉൾപ്പെടും. ആകെ യാത്രക്കാരുടെ ശേഷി 823 ആണെന്ന് റെയിൽവേ അറിയിച്ചു. അടുത്ത ആറു മാസത്തിനുള്ളിൽ എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കുമെന്നും ഇതോടെ വർഷാവസാനം ആകെ സ്ലീപ്പർ ട്രെയിനുകളുടെ എണ്ണം 12 ആകുമെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഒരു ഭാഗത്തേയ്‌ക്കുള്ള യാത്രയ്‌ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിരക്ക് 2300 രൂപയിൽ നിന്ന് ആരംഭിക്കും. എസി ത്രീ ടയറിന് 2300 രൂപ, എസി ഫസ്റ്റ് ക്ലാസിന് 3600 രൂപ എന്നിങ്ങനെയാണ് നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |