കൊണ്ടോട്ടി: മലബാറിന്റെ കവാടമായ കൊണ്ടോട്ടി മണ്ഡലത്തിൽ വികസന പ്രവൃത്തികൾക്ക് വേഗമേറുന്നു. ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനൊപ്പം ആരോഗ്യവൈദ്യുതി മേഖലകളിൽ വൻ മുന്നേറ്റത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക. മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെകുറിച്ച് ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനം നടത്തി. യോഗത്തിൽ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി നിർണ്ണായക തീരുമാനങ്ങളെടുത്തു.
കലുങ്കുകളും ഡ്രൈനേജും ഉടൻ
മഴ പെയ്താൽ കൊണ്ടോട്ടി ടൗണിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ മാസ്റ്റർ പ്ലാനുമായാണ് ദേശീയപാത അതോറിറ്റി. 7.86 കോടി രൂപ ചെലവിൽ 17ാം മൈൽ മുതൽ കുറുപ്പത്ത് വരെ നടത്തുന്ന നവീകരണത്തിൽ വെള്ളക്കെട്ട് പരിഹാരത്തിന് മുൻഗണന നൽകും. ഇതിന്റെ ഭാഗമായി 17ാം മൈലിലെ ടെലഫോൺ എക്സ്‌ചേഞ്ച് മുതൽ ഡ്രൈനേജ് നവീകരിക്കും.
ഫെഡറൽ ബാങ്ക്, വില്ലേജ് ഓഫീസ്, ആലങ്കോട് നടപ്പാത എന്നിവിടങ്ങളിൽ മൂന്ന് പുതിയ കലുങ്കുകൾ നിർമ്മിക്കും. ദേശീയപാതയുടെ പരിധിക്ക് പുറത്തുള്ള ഡ്രൈനേജ് ഔട്ട്‌ലെറ്റുകൾ നഗരസഭാ ഫണ്ട് ഉപയോഗിച്ച് വലിയ തോട്ടിലേക്ക് ബന്ധിപ്പിക്കും.
ഗതാഗത നിയന്ത്രണം
ദേശീയപാതയിലെ പ്രവൃത്തികൾ ആരംഭിക്കുന്നതോടെ ഗതാഗത ക്രമീകരണമുണ്ടാകും. കലുങ്ക് നിർമ്മാണം നടക്കുമ്പോൾ റോഡിന്റെ ഒരു വശം അടച്ചിടും. ഈ സമയത്ത് ഒരു വശത്തുകൂടെ മാത്രമാകും വാഹനങ്ങൾ കടത്തിവിടുക. തിരക്ക് ലഘൂകരിക്കാൻ പ്രധാനമായും സ്റ്റാർ ജംഗ്ഷനിൽ നിന്നും മേലങ്ങാടി എയർപോർട്ട് റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിടും. ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം കുറച്ച് പ്രവൃത്തി വേഗത്തിൽ തീർക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എയർപോർട്ട് റോഡ് നാലുവരിപ്പാതയിലേക്ക്
കുളത്തൂർ മുതൽ എയർപോർട്ട് വരെയുള്ള നാലുവരിപ്പാത നവീകരണത്തിന് 13.10 കോടി രൂപയുടെ അനുമതി ലഭിച്ചു. രൂപകല്പന പൂർത്തിയാകുന്നതോടെ ഇതിന്റെ പ്രവൃത്തിയും തുടങ്ങും. പൈപ്പ് ലൈനുകളും മറ്റ് പൊതുമുതലുകളും മാറ്റിസ്ഥാപിക്കുന്നത് ചർച്ച ചെയ്യാൻ ജനുവരി 12ന് വൈകിട്ട് മൂന്നിന് ജില്ലാ കളക്ടറുടെ ചേംബറിൽ എയർപോർട്ട് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരും. ഇതിന് പുറമെ, കെണ്ടോട്ടി ചുങ്കംഅരീക്കോട് റോഡിലെ കുരുക്ക് ഒഴിവാക്കാൻ സ്റ്റാർ ജങ്ഷൻ വീതികൂട്ടാനുള്ള പ്രപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കും.
താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ
കൊണ്ടോട്ടി താലൂക്ക് ആശുപത്രി ഇനി കൂടുതൽ ഹൈടെക്കാകും. 1.21 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളും ലിഫ്റ്റും തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. പുതിയ ദന്തൽ വിഭാഗവും അന്നേദിവസം പ്രവർത്തനമാരംഭിക്കും. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം ഫെബ്രുവരിയിൽ പൂർത്തിയാകും.
വൈദ്യുതി വികസനം
മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനം മെച്ചപ്പെടുത്താൻ 35 കോടിയുടെ പദ്ധതികളാണ് കൊണ്ടോട്ടി മണ്ഡലത്തിൽ നടപ്പിലാക്കുക. ഇതിൽ 15 കോടി രൂപ മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തിയും 20 കോടി രൂപ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് നടപ്പിലാക്കുക. ഇതിലൂടെ വോൾട്ടേജ് പ്രശ്നങ്ങൾക്കും ലൈൻ തകരാറുകൾക്കും വലിയ തോതിൽ പരിഹാരമാകും.
ബഡ്ജ റ്റിൽ ഉൾപ്പെട്ട നാല് പൊതുമരാമത്ത് റോഡുകളുടെ ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനാൽ അവ റീടെൻഡർ ചെയ്യാൻ യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ യു.കെ.മമ്മദീശ, വിവിധ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, പൊതുമരാമത്ത് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |