ന്യൂഡൽഹി : അയോദ്ധ്യകേസിൽ ഒത്തുതീർപ്പിന് സാദ്ധ്യത തെളിയുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോർട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാദം പൂർത്തിയായ കേസിൽ ഇത്തരമൊരു നടപടി അസാധാരണമാണ്. മഥുര,കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിച്ചാൽ തർക്കഭൂമി വിട്ടു നൽകാം എന്ന് സുന്നി വഖഫ് ബോർഡ് സത്യവാങ്മൂലം നല്കിയിരുന്നു. ആവശ്യമെങ്കിൽ കോടതി വിധിയിൽ ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്താമെന്നും ഇതിനു തടസമില്ലെന്നും നിയമവിദഗ്ധർ പറയുന്നു.
സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി അതേസമയം സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറി. ഉപാധികളോടെ തർക്ക ഭമി വിട്ടുനൽകുന്നതിന് സമ്മതമാണെന്നാണ് ഒത്തുതീർപ്പ് ചർച്ചയിൽ സുന്നി വഖഫ് ബോർഡ് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
അയോധ്യയിൽ മറ്റൊരു പള്ളി നിർമ്മിച്ചു നൽകുക അയോധ്യയിൽ തന്നെ 22 പള്ളികൾ പുതുക്കി നിർമ്മിക്കുക, കാശിയും മഥുരയും ഉൾപ്പടെ മറ്റെല്ലാ സ്ഥലങ്ങളിലേയും പള്ളികൾക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകൾ ഉപേക്ഷിക്കുക. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളിൽ പ്രാർത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക. ഈ ഉപാധികൾ അംഗീകരിച്ചാൽ തർക്കഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിന് ഭൂമി വിട്ടു നൽകാൻ വഖഫ് ബോർഡ് തയ്യാറാണെന്നാണ് റിപ്പോർട്ട്.
അയോധ്യ തർക്കത്തിൽ കക്ഷികളായ ചില ഹിന്ദു സംഘടനകൾ ഇതിനോട് യോജിക്കാൻ തയ്യാറായെങ്കിലും വിശ്വഹിന്ദു പരിഷത്ത് പിന്തുണയുള്ള രാമജന്മഭൂമി ന്യാസ് ഉപാധികൾ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.
ശ്രീശ്രീ രവിശങ്കറാണ് മദ്ധ്യസ്ഥ ചർച്ച നടത്തിയത്. ചർച്ച സാഹോദര്യ അന്തരീക്ഷത്തിൽ ആയിരുന്നുവെന്ന് ശ്രീശ്രീ അറിയിച്ചു.