കേപ് കനാവറൽ: ആൺതുണ കൂടാതെ ബഹിരാകാശത്ത് കൈവീശി നടന്ന രണ്ട് സ്ത്രീകൾ രചിച്ചത് പുതുചരിത്രം. അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റിന കോച്ചും ജെസിക്ക മെയിറുമാണ്
വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. കോച്ചിന്റെ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്. മെയിറിന്റെ ആദ്യത്തേതും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ കൺട്രോളർ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും അമേരിക്കൻ സമയം രാവിലെ എട്ടുമണിയോടെ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. അഞ്ച് മണിക്കൂറോളം ഇവർ ബഹിരാകാശത്ത് ചെലവഴിച്ചു. ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലെന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
പുതിയ ബാറ്ററികൾ സ്ഥാപിക്കാൻ 21ന് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങാൻ നിശ്ചയിച്ചിരുന്നു. പവർ കൺട്രോളിലെ തകരാറിനെ തുടർന്ന് ബഹിരാകാശ നടത്തം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് നാസ അധികൃതർ പറഞ്ഞു. കേടുവന്ന ബാറ്ററി ചാർജ് / ഡിസ്ചാർജ് യൂണിറ്റ് സ്പേയ്സ് എക്സിന്റെ ഡ്രാഗൺ കാർഗോ കാപ്സ്യൂളിൽ ഭൂമിയിലെത്തിക്കും.
ഇതുവരെ 15 വനിതകൾ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. അപ്പോഴെല്ലാം ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും ഒരാൾക്ക് പാകമായ ബഹിരാകാശ വസ്ത്രം ഇല്ലാതിരുന്നതിനാൽ മാറ്റിവെച്ചു. ക്രിസ്റ്റീന കോച്ചും ആൻ മക്ലൈനുമാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ മക്ലൈൻ ഭൂമിയിലേക്ക് മടങ്ങി.
ബഹിരാകാശ നടത്തം
സ്‌ത്രീകൾ ഉൾപ്പെട്ട 43ാം ബഹിരാകാശ നടത്ത
പങ്കെടുത്തത്15 സ്ത്രീകൾ
1984ൽ സ്വറ്റ്ലാന സവിത്‌സ്‌കായയാണ് ആദ്യം ബഹിരാകാശത്ത് നടന്ന സ്ത്രീ.
ഏറ്റവും കൂടുതൽ ബഹിരാകാശത്ത് നടന്ന വനിത - പെഗ്ഗി വിറ്റ്സൺ ( അമേരിക്ക 10 തവണ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |