ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കർക്ക് ഭാരത രത്നം നൽകണമെന്ന് പ്രമുഖ ഗാന്ധിയനും അഴിമതി വിരുദ്ധ പോരാട്ട നായകനുമായ അണ്ണാഹസാരെ പറഞ്ഞു. രാഷ്ട്രീയക്കാർക്ക് പരസ്പരം വെറുപ്പുണ്ടാകും. അതിന്റെ പേരിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചയാളെ ഇകഴ്ത്തിക്കാട്ടരുതെന്നും ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അണ്ണാഹസാരെ പറഞ്ഞു.
സവർക്കറെ എതിർക്കുന്നതിന് പിറകിൽ വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വീര സവർക്കർ എന്നറിയപ്പെടുന്ന വി.ഡി.സവർക്കർക്ക് ഭാരത രത്ന നൽകണമെന്നതാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ നിലപാട് . ഇക്കാര്യം മഹാരാഷ്ട്രയിലെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിന് തങ്ങൾ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്നാണ് സംസ്ഥാന ബി.ജെ.പി ഘടകത്തിന്റെ വാഗ്ദാനം. അതേസമയം സവർക്കർക്ക് ഭാരതരത്നം നൽകുന്നതിനെതിരെയുള്ള എതിർപ്പ് കോൺഗ്രസിൽ നിന്നും ഉയർന്നിരുന്നു.
സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കളാണ് സവർക്കർക്കെതിരെ രംഗത്തുവന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും സവർക്കർക്ക് ഭാരതരത്നം കൊടുക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണ്ണാ ഹസാരെയുടെ അഭിപ്രായ പ്രകടനം. ബി.ജെ.പിയെ ഒരു ഹിന്ദുത്വ ശക്തിയായി ചിത്രീകരിക്കുന്നതും ശരിയല്ല. ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ജനഹിതത്തെ മാനിക്കണമെന്നും ഹസാരെ പറഞ്ഞു.