SignIn
Kerala Kaumudi Online
Monday, 06 July 2020 2.49 AM IST

ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്,  ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വി.ടി.ബൽറാം എം.എൽ.എ

bineesh-bastin

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടൻ ബിനീഷ് ബാസ്റ്റിന് ജാതീയമായി ആക്ഷേപം നേരിട്ട സംഭവത്തിൽ കോളേജ് യൂണിയനെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാം. കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ ബിനീഷ് വേദിയിൽ എത്തിയാൽ മറ്റൊരു അതിഥിയായ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ ഇറങ്ങി പോകുമെന്ന് പറഞ്ഞതാണ് വിവാദമായത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെന്ന് അനിൽ പറഞ്ഞെന്ന് സംഘാടകരാണ് താരത്തെ അറിയിച്ചത്. ഇതേ തുടർന്ന് നേരത്തെ പരിപാടിക്കെത്തിയിട്ടും അനിൽ രാധാകൃഷ്ണ മേനോൻ പോയിട്ട് വേദിയിൽ എത്തിയാൽ മതിയെന്ന് ബിനീഷിനോട് സംഘാടകർ അറിയിച്ചു.

എന്നാൽ വിലക്കിയിട്ടും അനിൽ സംസാരിക്കുന്ന വേദിയിൽ ബിനീഷ് എത്തി. വളരെ വൈകാരികമായി വേദിയിലെത്തിയ ബിനീഷ് അവിടെ കുത്തിയിരിക്കുകയും ചെയ്തു. പ്രിൻസിപ്പാളും അദ്ധ്യാപകരും നിർബന്ധിച്ചിട്ടും ബീനീഷ് എഴുന്നേറ്റില്ല. മൈക്ക് തരാനും സംഘാടകർ തയാറായില്ല. തുടർന്ന് ബിനീഷ് വിദ്യാർത്ഥികളോട് എല്ലാം തുറന്ന് പറയുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ബിനീഷ് വിദ്യാർത്ഥികളോട് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലയതിനെ തുടർന്ന് നിരവധിപേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചില നിവർന്നു നിൽക്കലുകളേപ്പോലെത്തന്നെ ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യുമെന്ന് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിന്റെ പ്രവർത്തിക്ക് പിന്തുണയായി വി.ടി.ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മഹാനായ അയ്യൻകാളിയുടെ സ്വപ്ന സാക്ഷാത്കാരമായി വർഷം തോറും പട്ടികജാതി/വർഗ വിഭാഗങ്ങളിൽ 70 എംബിബിഎസ് ഡോക്ടർമാരെ സൃഷ്ടിക്കുന്ന കലാലയത്തിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടുള്ളത്. സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് തന്നെ ഏറെ നിരാശപ്പെടുത്തിയതെന്നും വി.ടി.ബൽറാം അഭിപ്രായപ്പെടുന്നു ഈ യൂണിയൻ ഏത് വിദ്യാർത്ഥികളെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. 'മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്"- ബിനീഷ് ബാസ്റ്റിൻ♥️💕

ചില നിവർന്നു നിൽക്കലുകളേപ്പോലെത്തന്നെ ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ യുവനടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതിൽ സംശയമില്ല. തന്റെ സമുദായത്തിൽ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യൻകാളിയുടെ പതിറ്റാണ്ടുകൾക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വർഷം തോറും പട്ടികജാതി/വർഗ വിഭാഗങ്ങളിൽ നിന്ന് 70 എംബിബിഎസ് ഡോക്ടർമാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജ്. എന്നാൽ ഇക്കഴിഞ്ഞ പതിറ്റാണ്ടുകൾ കൊണ്ട് കേരളം നടന്നുതീർത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതൽജന്മങ്ങൾ ഇപ്പോഴും അപരിഷ്കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നിൽക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാർത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VT BALRAM, BINEESH BASTIN, ACTOR BINEESH BASTIN, PALAKKADU MEDICAL COLLEGE, ANIL RADHAKRISHNAN MENON, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.