ന്യൂഡൽഹി: പുതുവർഷത്തിൽ സബ്സിഡി ഇല്ലാത്ത പാചക വാതക വില കുത്തനെകൂട്ടി സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപയും വിമാന ഇന്ധനത്തിന്റെ വില 2.6 ശതമാനവുമാണ് വർദ്ധിച്ചിരിക്കുന്നത്. തുടർച്ചയായ അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില കൂടുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന് ഇനിമുതൽ 28 രൂപ കൂടുതലായി നൽകണം.
പുതിയ നിരക്ക് പ്രകാരം 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് 695ൽ നിന്ന് 714 രൂപയായി വില കൂടി. ഡൽഹിയിലെ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയാണ് വർദ്ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപയാണ് കൂടിയിരിക്കുന്നത്. 1213 രൂപക്ക് പകരം ഇനിമുതൽ 1241 രൂപ നൽകണം. അതേസമയം, തുടർച്ചയായ രണ്ടാമത്തെ മാസമാണ് വിമാനത്തിന്റെ ഇന്ധനവില കൂടുന്നത്(കിലോ ലിറ്ററിന് 1,637.25 രൂപ അഥവാ 2.6 ശതമാനം ഉയർത്തി കിലോയ്ക്ക് 64,323.76 രൂപയായി).
അന്തർദേശീയ വിപണിയിൽ വില ഉയർന്നതാണ് രാജ്യത്ത് വില കൂടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, ഡൽഹി മണ്ണെണ്ണ രഹിതമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് പിഡിഎസ് മണ്ണെണ്ണ വിൽക്കുകയും ചെയ്യുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |