ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ ( എൻ.പി.ആർ ), ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി ) എന്നിവയ്ക്കെതിരെയുള്ള പ്രമേയം ഡൽഹി നിയമസഭ പാസാക്കി. 70 നിയമസഭാ അംഗങ്ങളുള്ള ഡൽഹി നിയമസഭയിൽ ' നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടോ' എന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ചോദ്യത്തിന് 61 എം.എൽ.എമാരുടെ ഉത്തരം ഇല്ലെന്നായിരുന്നു. രാജ്യതലസ്ഥാനം പൗരത്വ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന സന്ദേശമാണ് പ്രമേയത്തിലൂെടെ നിയമസഭ പാസാക്കിയതെന്ന് കേജ്‌രിവാൾ പറഞ്ഞു. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ കൂട്ടത്തിൽ താനും തന്റെ കുടുംബവും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" എനിക്കും എന്റെ മന്ത്രിസഭയ്ക്കും കുടുംബത്തിനും പൗരത്വം തെളിയിക്കാനുള്ള രേഖകളില്ല. ഞങ്ങളെ തടങ്കൽ പാളയത്തിലേക്ക് അയക്കുമോ."- കേജ്‌രിവാളിന്റെ വാക്കുകൾ. സഭയിൽ പൗരത്വം തെളിയിക്കാൻ രേഖകളുള്ളവർ കൈയുയർത്താനാണ് കേജ്‌രിവാൾ ആവശ്യപ്പെട്ടത്. ഒൻപത് എം.എൽ.എമാർ മാത്രമാണ് രേഖകളുണ്ടെന്ന് പറഞ്ഞ് കൈയുയർത്തിയത്. ഡൽഹി നിയമസഭയിൽ ആംആദ്മി പാർട്ടിക്ക് 62 എം.എൽ.എമാരാണുള്ളത്. ശേഷിക്കുന്ന ഒൻപത് സീറ്റിൽ ബി.ജെ.പി നേതാക്കളാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കാണിക്കാമോ എന്ന് ഡൽഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. എൻ.പി.ആർ, എൻ.ആർ.സി എന്നിവ ജനങ്ങൾക്കിടയിൽ വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. പൗരത്വം തെളിയിക്കുന്നതിനെക്കുറിച്ചുള്ള ഭയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാതൊരു രേഖകളും നൽകേണ്ടതില്ലെന്നും, നിങ്ങൾക്ക് അറിയാവുന്ന ചോദ്യത്തിന് മാത്രം ഉത്തരം നൽകിയാൽ മതിയെന്നും ജനസംഖ്യാ രജിസ്റ്ററിനെയും പൗരത്വ പട്ടികയെയും അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച രാജ്യസഭയിൽ പറഞ്ഞിരുന്നു. പല സംസ്ഥാനങ്ങളും ജനസംഖ്യാ രജിസ്റ്ററിനെയും പൗരത്വ പട്ടികയെയും അംഗീകരിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |