കൊറോണ ആശങ്കജനകമായി ലോകമെങ്ങും പടരുമ്പോൾ യൂറോപ്പിലും ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും വീണ്ടും ബെസ്റ്റ് സെല്ലർ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് ദ പ്ലേഗ് എന്ന നോവൽ. നോവലിസ്റ്റും ചിന്തകനും നോബൽ ജേതാവുമായ ആൽബേർ കാമുവിന്റെ ക്ലാസിക് നോവലാണ് ദ പ്ലേഗ് (ലെ പെസ്റ്റെ).
1947ൽ പുറത്തിറങ്ങിയ നോവലിന്റെ കഥ ആ കാലത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ 1849ൽ അൾജീരിയയിലെ ഒറാൻ നഗരത്തിലെ ഭൂരിപക്ഷം ജനങ്ങളെ കൊന്നൊടുക്കിയ കോളറയാണ് നോവലിന് പ്രചോദനമായതെന്ന് കരുതപ്പെടുന്നു.
അൾജീരിയയിലെ ഒറാൻ നഗരത്തിൽ മാരകമായ പ്ലേഗ് രോഗം പിടിപെടുന്നതിനെക്കുറിച്ചാണ് നോവലിൽ പറയുന്നത് മഹാമാരിയെത്തുടർന്ന് പുറംലോകവുമായുള്ള പ്രിയപ്പെട്ടവരുമായുള്ള എല്ലാ ബന്ധവും വിച്ചേദിക്കപ്പെട്ട് ഒറ്റപ്പെടുന്ന ഒരു ജനതയെ പ്ലേഗിൽ കാണാനാവും. അവരുടെ ജീവിതത്തിലെ നിസഹായാവസ്ഥയും പൊരുതി ജയിക്കാനുള്ള പരിശ്രമവുമാണ് നോവലിൽ പറയുന്നത്. കാമു അന്ന് നോവലിൽ വിവരിച്ചതിന് സമാനമായ അവസ്ഥയിലൂടെയാണ് ലോകം ഇന്ന് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
പ്ലേഗ് എന്ന മാരക പകർച്ചവ്യാധിയെ അർഹിക്കുന്ന ഗൗരവത്തോടെ അംഗീകരിക്കാൻ തയ്യാറാവാത്ത ഭരണാധികാരികളെ നോവലിൽ കാണാം. മഹാമാരിയെന്ന് പ്രഖ്യാപിക്കുമ്പോഴേക്കും പടർന്നുപിടിച്ച പ്ലേഗ് നൂറുകണക്കിനാളുകളുടെ ജീവനെടുത്തിരുന്നു. കാര്യങ്ങൾ സുതാര്യമായി പറയുന്നത് ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി പരത്തും എന്ന് കരുതി മൂടിവയ്ക്കാൻ ശ്രമിക്കുന്ന ഒറാൻ നഗരഭരണാധികാരികളെ നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നു.
രോഗപ്രതിരോധത്തിനായി അടിയന്തരനടപടിയെടുക്കാൻ മടിക്കുന്ന ഭരണാധികാരികൾക്കെതിരെ രംഗത്ത് വരുന്ന കാമു കഥാപാത്രം ഡോ.ബെർണാർഡ് റിയു തന്നെയാണ് വുഹാനിൽ കൊറോണ രോഗം ആദ്യമായി കണ്ടെത്തിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ്ങും..
എല്ലാം നിയന്ത്രണത്തിലാണന്ന വ്യാജപ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാദ്ധ്യമങ്ങളെയും കാമു വരച്ചുകാട്ടുന്നുണ്ട്. മരണസംഖ്യ ദിനംപ്രതി മുപ്പതിലെത്തുമ്പോഴാണ് കർശന സമ്പർക്ക നിരോധനത്തിന് ഒറാൻ ഭരണാധികാരികൾ തയ്യാറാവുന്നത്.
ചുറ്റും മനുഷ്യർ മരിച്ചുവീഴുമ്പോഴും നിയന്ത്രണങ്ങളോട് മുഖം തിരിച്ച്, ഇതൊന്നും എന്നെ ബാധിക്കില്ല എന്നു വിശ്വസിച്ച് ജീവിക്കുന്ന ഒറാൻ നഗരവാസികൾ അന്നും ഉണ്ടായിരുന്നു.. പാരിസിലുള്ള കാമുകിക്ക് അടുത്തേയ്ക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്ന മാദ്ധ്യമപ്രവർത്തകൻ റാംബർട്ട് മറ്റൊരു ഉദാഹരണം. സമ്പൂർണ സമ്പർക്ക നിരോധനമാണ് ഒറാൻ നിവാസികളെ കാത്തിരുന്നത്. നിരത്തുകൾ വിജനമായി, ഗതാഗതസംവിധാനങ്ങൾ നിശ്ചലമായി. അണുബാധ ഭയന്ന് കത്തുകൾ പോലും നിരോധിക്കുന്നു. രോഗബാധ സ്ഥിരീകരിച്ചവരെ നിർബന്ധമായും ഐസൊലേഷനിലാക്കാനുള്ള ശ്രമവും അതിനോട് ബന്ധുക്കളുടെ വൈകാരിക പ്രതികരണവും കാമു വരച്ചുകാട്ടുന്നു.
നിയന്ത്രണങ്ങളെ തടങ്കലായിക്കണ്ട് ഭരണകൂടത്തോട് കലഹിക്കുകയാണ് ഒറാൻ നഗരവാസികളും മത നേതൃത്വവും. വേർപിരിയലുകള് അനിവാര്യമാകുമ്പോഴാണ് പ്രിയപ്പെട്ടവരെക്കുറിച്ച് പലരും ചിന്തിക്കുന്നത്. അവരിൽ നിന്ന് അകന്ന് നില്ക്കേണ്ടി വരുമ്പോഴുള്ള വേദന തിരിച്ചറിയുന്നത്. ഒരു നഗരമാകെ തടവിലാക്കപ്പെട്ട നാളുകളിലാണ് സ്നേഹബന്ധത്തിന്റെ പ്രാധാന്യവും മനുഷ്യജീവിതത്തിന്റെ നിരർത്ഥകതയും ഒറാൻ നിവാസികൾ തിരിച്ചറിയുന്നത്. ലോകജനതയെ ഉൻമൂലനം ചെയ്യാനെത്തുന്ന മഹാമാരിയോട് മനുഷ്യർ എങ്ങനെ പ്രതികരിക്കും എന്നതിന് മികച്ച ഉദാഹരണമാണ് ദ പ്ലേഗ്.