ചെന്നൈ: കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ കായികതാരങ്ങൾ പങ്കാളികളാകുന്നു എന്നത് പുതിയ വാർത്തയല്ല. പലരും പണവും ദുരിതാശ്വാസ സാമഗ്രികളും സംഭാവന ചെയ്യുന്നു. എന്നാൽ ചെന്നൈയിൽ രണ്ട് ടേബിൾ ടെന്നീസ് താരങ്ങളാണ് കൊവിഡിനെതിരെ പൊരുതാൻ തീരുമാനിച്ചത്. കൊവിഡിനെ പിടിച്ചുകെട്ടാൻ ഡോക്ടർമാരുടെ കുപ്പായം ഇടുകയാണ് ഇരുവരും.
എം.ബി.ബി.എസ് പഠനം കഴിഞ്ഞ കെ.ആർ രോഹിത്, ആർ.കെ യുക്തി റോഷ്നി എന്നിവരാണ് സാമൂഹികസേവനം ലക്ഷ്യമിട്ട് ആശുപത്രികളിൽ ജോലി ചെയ്യാൻ തീരുമാനിച്ചത്. മദ്രാസ് മെഡിക്കൽ കോളേജിലെയും തഞ്ചാവൂർ മെഡിക്കൽ കോളേജിലെയും പൂർവ വിദ്യാർത്ഥികളായ ഇരുവരും അടുത്തിടെ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. വൈറസ് ബാധയെ തുടർന്ന് ഒരു മാസത്തേക്ക് കൂടി തങ്ങളുടെ ഇന്റേൺഷിപ്പ് കാലാവധി നീട്ടിയിരിക്കുകയാണ്.
ജൂനിയർ മത്സരങ്ങളിൽ ദേശീയ തലത്തിൽ ടേബിൾ ടെന്നീസിൽ ഇരുവരും തമിഴ്നാടിനെ പ്രതിനിധീകരിച്ചു. ഇന്ത്യയ്ക്കും വേണ്ടിയും രോഹിത് കളിച്ചിട്ടുണ്ട്. കായികരംഗത്തിന് പ്രാധാന്യം നൽകുന്ന ഇരുവരും കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തത്. കൊവിഡ് ഐസൊലേഷൻ വാർഡിലാണ് ഇരുവർക്കും ഡ്യൂട്ടി. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങളുടെ തിരക്കിലാണ് രോഹിത്. 'ദയവായി വീട്ടിൽ തന്നെ തുടരുക, ചെറിയ പ്രശ്നങ്ങൾക്കായി ആശുപത്രികളിൽ പോലും പോകുന്നത് ഒഴിവാക്കുക, ഫോണിലൂടെ നിങ്ങളുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടുക. ഞങ്ങൾ സാമൂഹിക വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ നേരിടുന്ന സാഹചര്യം തടയാൻ ലോക്ക്ഡൗൺ ഗൗരവമായി കാണണം ”- 2013 ൽ ഹൈദരാബാദിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രോഹിത് പറഞ്ഞു.
ചെന്നൈ സ്വദേശിയായ റോഷ്നി ഇപ്പോൾ തഞ്ചാവൂർ മെഡിക്കൽ കോളേജിലാണ് ജോലി ചെയുന്നത്. ഡോക്ടറായതിൽ അഭിമാനമുണ്ടെന്ന് മുൻ ദേശീയ ജൂനിയർ നമ്പർ 3 പറയുന്നു. കൊവിഡ് വൈറസിനെതിരായ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയെന്നത് ഒരു ബഹുമതിയാണെന്ന് രോഷ്നി പറഞ്ഞു. ഒരു കായികതാരം എന്ന നിലയിൽ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയാറുണ്ട്. ഈ പോരാട്ടം തുടരുമ്പോൾ ആ അനുഭവം തന്നെയാണ് പോരാടാൻ ഊർജ്ജമാകുന്നത്തെന്നും രോഷ്നി പറഞ്ഞു.