SignIn
Kerala Kaumudi Online
Monday, 18 January 2021 2.02 PM IST

കുതിക്കാനൊരുങ്ങി ക്രൂഡോയിൽ വില; വിലങ്ങുതടിയായി മെക്‌സിക്കോ

oil

കൊച്ചി: ഗൾഫ് യുദ്ധകാലത്തേതിന് സമാനമായ വിലത്തകർച്ചയിലേക്ക് തകർന്നടിഞ്ഞ ക്രൂഡോയിലിനെ നേട്ടത്തിലേക്ക് കരകയറ്റാൻ ഉത്പാദക രാജ്യങ്ങളുടെ തീരുമാനം. ഉത്പാദനം വെട്ടിക്കുറച്ച്, വില വർദ്ധന ഉറപ്പാക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസും (ഒപെക്) റഷ്യയടക്കമുള്ള ഒപെക് ഇതര എണ്ണ ഉത്‌പാദക രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ഏകദേശ ധാരണയായി.

വരും മാസങ്ങളിൽ ഒപെക്കും റഷ്യയും ചേർന്ന് ഉത്പാദനത്തിൽ പ്രതിദിനം ഒരു കോടി ബാരലിന്റെ കുറവ് വരുത്തും. മറ്റ് ഉത്പാദക രാജ്യങ്ങൾ 50 ലക്ഷം ബാരൽ കുറയ്ക്കണമെന്നും തീരുമാനമുണ്ട്. ഇതു പോരെന്നും മൊത്തം ഉത്‌പാദനത്തിൽ പ്രതിദിനം രണ്ടു കോടി ബാരലിന്റെ കുറവ് വരുത്തണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നിട്ടുണ്ട്. കൊവിഡ്-19ന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. ഇതു ക്രൂഡിന്റെ ഡിമാൻഡ് താഴ്‌ത്തിയിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ രണ്ടു കോടി ബാരലിന്റെ കുറവ് ഉത്‌പാദനത്തിൽ വരുത്താനാകുമെന്നാണ് ഉയർന്ന അഭിപ്രായം. എന്നാൽ, നിലവിൽ പരമാവധി 1.50 കോടി ബാരൽ കുറച്ചാൽ മതിയെന്ന് യോഗം തീരുമാനിച്ചു. ഉത്‌പാദനം കുറയ്ക്കുന്നതിനെ മെക്‌സിക്കോ എതിർത്തു. മെക്‌സിക്കൻ ദേശീയ കമ്പനിയായ പെമെക്‌സ് ലോകത്തെ ഏറ്റവും കടബാദ്ധ്യതയുള്ള കമ്പനികളിലൊന്നാണ്. പ്രമുഖ റേറ്റിംഗ് ഏജൻസികളെല്ലാം കമ്പനിക്ക് നൽകിയിട്ടുള്ളത് മോശം മാർക്കാണ്. ഉത്‌പാദനം വെട്ടിക്കുറച്ചാൽ, കമ്പനിക്ക് പല റിഫൈനറികളും പൂട്ടേണ്ടിവരും. ഇത്, റേറ്റിംഗ് കൂടുതൽ മോശമാകാനും സമ്പദ്പ്രതിസന്ധി രൂക്ഷമാകാനും ഇടയാക്കുമെന്നാണ് മെക്‌സിക്കോയുടെ വാദം.

ഒരു കോടി ബാരൽ

മതിയാവില്ല!

ക്രൂഡ് വില പിടിച്ചുനിറുത്താൻ പ്രതിദിന ഉത്‌പാദനത്തിൽ ഒരു കോടി ബാരൽ കുറയ്ക്കുന്നത് മതിയാവില്ലെന്ന അഭിപ്രായമുണ്ട്. ഇന്നലെ ക്രൂഡോയിൽ വില കുറിച്ച കനത്ത ഇടിവും ഇതാണ് സൂചിപ്പിക്കുന്നത്. പ്രതിദിന ഉത്‌പാദനത്തിൽ രണ്ടു കോടി ഡോളർ ബാരൽ കുറയ്ക്കണമെന്നാണ് ആവശ്യം. ഒപെക്കും റഷ്യയടക്കമുള്ള രാജ്യങ്ങളും വൈകാതെ, ഉത്‌പാദനത്തിൽ കൂടുതൽ കുറവ് വരുത്താൻ ഇടയുണ്ട്.

9.29%

ഇന്നലെ യു.എസ്. ക്രൂഡ് വില ബാരലിന് 9.29 ശതമാനം ഇടിഞ്ഞ് 22.76 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 4.14 ശതമാനം നഷ്‌ടവുമായി 31.48 ഡോളറാണ്.

3 കോടി

കൊവിഡ്-19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ മൂലം 2020ൽ ഇതുവരെ ക്രൂഡോയിൽ നേരിട്ട ഡിമാൻഡ് നഷ്‌ടം പ്രതിദിനം മൂന്നു കോടി ബാരലാണ്. മൊത്തം വില്പനയുടെ 30 ശതമാനമാണിത്.

കുറയ്ക്കുന്നത്

ഇങ്ങനെ

പ്രതിദിന ഉത്‌പാദനത്തിൽ ഒരു കോടി ബാരൽ കുറയ്ക്കാനാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ തീരുമാനം. വിവിധ രാജ്യങ്ങൾ വരുത്തുന്ന കുറവ് ഇപ്രകാരം: (കണക്ക് പ്രതിദിന ബാരലിൽ)

 റഷ്യ : 20 ലക്ഷം

 സൗദി അറേബ്യ: 40 ലക്ഷം

 മറ്റു രാജ്യങ്ങൾ : 40 ലക്ഷം*

(*ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല)

നൈജീരിയൻ

നിരാശ

2019ൽ ഏകദേശം 40,000 കോടി രൂപയുടെ ക്രൂഡോയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു. ഒക്‌ടോബർ-നവംബറിൽ മാത്രം 13,000 കോടി രൂപയുടേതായിരുന്നു കയറ്റുമതി. ലോക്ക് ഡൗൺ മൂലം ഇന്ത്യ ഇന്ധന ഉപഭോഗത്തിൽ മാർച്ചിൽ 20 ശതമാനവും ഈമാസം ഇതുവരെ 70 ശതമാനവും ഇടിവ് രേഖപ്പെടുത്തിയത് നൈജീരയിൽ നിന്നുള്ള കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. 50ലേറെ കാർഗോ എണ്ണ, വില്ക്കാനാവാതെ കെട്ടിക്കിടക്കുകയാണെന്ന് നൈജീരിയൻ എണ്ണക്കമ്പനികൾ പരാതിപ്പെട്ടിട്ടുണ്ട്.

ഇന്ത്യയ്ക്ക് നേട്ടമോ?

ക്രൂഡോയിൽ ഉത്‌പാദനം കുറയുന്നതും വില കൂടുന്നതും ലോകത്തെ മൂന്നാമത്തെ വലിയ ഉപഭോഗ രാജ്യമായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. ക്രൂഡ് വില കൂടിയാൽ പെട്രോൾ, ഡീസൽ, എൽ.പി.ജി., വ്യോമ ഇന്ധനം തുടങ്ങിയവയുടെ വിലയും കൂടും. ഇത്, അവശ്യ സാധനങ്ങളുടെ വിലയും ഉയർത്തും. ഇന്ത്യയുടെ കറന്റ് അക്കൗണ്ട്, വ്യാപാര, ധനക്കമ്മികളും ഉയരും.

 ഇന്ത്യയുടെ മൊത്തവില നാണയപ്പെരുപ്പ സൂചികയിൽ 10.36 ശതമാനം പങ്കുവഹിക്കുന്നത് ഇന്ധന വിലയാണ്. റീട്ടെയിൽ നാണയപ്പെരുപ്പ സൂചികയിൽ പങ്ക് 2.39 ശതമാനം.

 രാജ്യത്ത് ഒരുമാസത്തോളമായി പെട്രോൾ, ഡീസൽ വില പരിഷ്‌കരിച്ചിട്ടില്ല.

 പെട്രോൾ വില : ₹72.99, ഡീസൽ വില : ₹67.19

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, CRUDE OIL PRICE, SAUDI ARABIA, RUSSIA, OPEC, PETROL, DIESEL, OIL PRICE, CRUDE PRODUCTION CUT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.