ഡൽഹിയിൽ സൈനിക ആശുപത്രിയിൽ 24 പേർക്ക് കൊവിഡ്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3900 പുതിയ കൊവിഡ് കേസുകളും 95 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 46433 ആയി. മരിച്ചവരുടെ എണ്ണം 1568. 24 മണിക്കൂറിനിടെ 1020 പേർക്ക് രോഗം ഭേദമായി. ആകെ 12,727 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 27.41 ശതമാനം.
നേരത്തെ ചില സംസ്ഥാനങ്ങളിൽ നിന്ന് തക്കസമയത്ത് അറിയിക്കാതിരുന്ന കണക്കുകളും കൂടി ഉൾപ്പെടുത്തിയതാണ് വർദ്ധനവിന് കാരണമെന്നാണ്
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.ഡ ൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ ഓങ്കോളജി വാർഡിൽ
അതേസമയം സൈനികരും വിമുക്ത ഭടൻമാരും ഉൾപ്പെടെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഡൽഹി കന്റോൺമെന്റ് സൈനിക ആശുപത്രിയിലേക്ക് മാറ്റി.
45 ഐ.ടി.ബി.പി ജവാന്മാർക്കും രോഗബാധ
ഡൽഹി ത്രിഗ്രി ക്യാമ്പിലെ 45 ഐ.ടി.ബി.പി ജവാന്മാർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ സഫ്ദർജംഗ് ആശുപത്രിയിലും മറ്റുള്ളവർ ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ 43 പേർ ഡൽഹിയിൽ ആഭ്യന്തരസുരക്ഷാ ഡ്യൂട്ടിയിലും രണ്ടുപേർ ഡൽഹി പൊലീസിനൊപ്പം ക്രമസമാധാന ചുമതലയിലുമായിരുന്നു. 76 പേരെ ഐ.ടി.ബി.പിയുടെ ചാവ്ല ക്യാമ്പിൽ നിരീക്ഷണത്തിലാക്കി
രാജ്യത്ത് ആകെ 67 ബി.എസ്.എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേർ ഡൽഹിയിലാണുള്ളത്. ത്രിപുരയിൽ 13 പേരുണ്ട്.