SignIn
Kerala Kaumudi Online
Friday, 03 July 2020 11.35 PM IST

താഴത്തങ്ങാടി കൊലപാതകം ; ഇതെല്ലാം പൊലീസിനെ വട്ടം ചുറ്റിക്കുന്ന സംശയങ്ങൾ, ഇനി പ്രതീക്ഷ വെന്റിലേറ്ററിൽ കഴിയുന്ന സാലിയിൽ

sheeba-murder-

തിരുവനന്തപുരം : പട്ടാപ്പകൽ നാടിനെ നടുക്കിയ കോട്ടയം താഴത്തങ്ങാടി കൊലപാതകമുണ്ടായി രണ്ട് ദിവസം പിന്നിടുമ്പോഴും സംഭവത്തിൽ വ്യക്തതയില്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നു. വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തുകയും ഭ‌ർത്താവ് സാലിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന്റെ കാരണത്തെയും കൊലയാളികളെയും പറ്റി വ്യക്തതയില്ലാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. കവർച്ചയുടെ ഭാഗമായി നടന്ന കൊലപാതകത്തിന്റെ സീനുകളാണ് സംഭവശേഷം വീട്ടിനുള്ളിൽ കാണാൻ കഴിഞ്ഞത്. വീട്ടിലെ അലമാരയിൽ നിന്ന് എന്തൊക്കെയോ പരതിയ നിലയിൽ സാധനങ്ങൾ വാരിവലിച്ചിടുകയും സ്വർണാഭരണങ്ങളും ഇവരുടെ കാറും അപഹരിക്കുകയും ചെയ്തിട്ടുണ്ട്. കവർച്ച മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ രാത്രിയിൽ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് അവരെ കെട്ടിയിട്ടോ ഭീഷണിപ്പെടുത്തിയോ അനായാസം ലക്ഷ്യം നേടാമെന്നിരിക്കെ പട്ടാപ്പകൽ ഇത്തരമൊരു ക്രൂരകൃത്യത്തിന് മുതിർന്നത് സംശയാസ്പദമാണ്.

ലോക്ക് ഡൗൺപോലൊരു സന്ദർഭത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ക്രിമിനൽ ബുദ്ധിയുളള ആർക്കെങ്കിലും തനിച്ചുതാമസിക്കുന്ന ദമ്പതികളെന്ന നിലയിൽ വേണമെങ്കിൽ ഇവരെ കവർച്ചയ്ക്കായി നോട്ടമിടാം. ഇത്തരം ക്രിമിനൽ സ്വഭാവം പുലർത്തുന്ന കവർച്ചാ സംഘങ്ങളുടെ ചെയ്തികളുമായും താഴത്തങ്ങാടിയിലെ കൃത്യത്തെ പൊലീസ് താരതമ്യം ചെയ്യുന്നുണ്ട്. കഞ്ചാവ് പോലുളള ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടെത്തുന്നവർ പെട്ടെന്ന് കാട്ടിക്കൂട്ടിയ കൊലപാതകമായി താഴത്തങ്ങാടിയിലെ കൊലയെ കാണാനും കഴിയുന്നില്ല. കതക് പൊളിക്കാതെയും വീട്ടിനുള്ളിൽ മറ്റ് അക്രമങ്ങൾ കാട്ടി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാതെയും ഇരുവരെയും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടും കരുതലോടും നടത്തിയ കൃത്യമായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ഇരുവരെയും ഷോക്കടിപ്പിക്കാനും ഗ്യാസ് തുറന്ന് വിട്ട് കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കുകയോ അല്ലെങ്കിൽ കൊലയാളിക്ക് ഇവരോട് അത്രമാത്രം അടങ്ങാത്ത പകതോന്നുകയോ ചെയ്തതിന്റെ തെളിവായിട്ടാണ് പൊലീസ് ഇതിനെ കാണുന്നത്. സാലിയോടോ കുടുംബത്തോടെ മറ്റേതെങ്കിലും തരത്തിലുള്ള വൈരാഗ്യമോ സാമ്പത്തിക ഇടപാടുകളെ തുട‌ർന്നുള്ള പ്രശ്നങ്ങളോ ആണ് സംഭവത്തിന് കാരണമെങ്കിൽ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് മോഷണത്തിന്റെ സീനുകൾ സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾക്കുള്ള ബന്ധത്തെപ്പറ്റി പൊലീസ് പരിശോധിക്കുന്നുണ്ടെങ്കിലും ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന യാതൊരുവിധ ആയുധങ്ങളും താഴത്തങ്ങാടിയിൽ ഉപയോഗിച്ചിട്ടില്ല.വാൾ, കമ്പിവടി, കൈമഴു തുടങ്ങിയ മാരകായുധങ്ങളുമായാണ് ക്വട്ടേഷൻ സംഘങ്ങൾ കൃത്യം നിർവ്വഹിക്കുക. സാലിയുടെ വീട്ടിൽനിന്നെടുത്ത സ്റ്റൂളും കേബിളും മറ്റുമാണ് ദമ്പതികളെ അക്രമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഉത്തരേന്ത്യക്കാരായ ക്രിമിനൽ സംഘങ്ങളായിരുന്നു സംഭവത്തിന് പിന്നിലെങ്കിൽ കൂട്ടമായെത്തി രാത്രിയിലേ അവർ ഓപ്പറേഷന് മുതിരുമായിരുന്നുള്ളൂ. ജനവാസ മേഖലയിലെ റോഡ് സൈഡിലുള്ള വീട്ടിൽ പട്ടാപ്പകൽ കൂസലില്ലാതെ കൃത്യം നടത്തി സുരക്ഷിതരായി മടങ്ങിയ രീതി പരിശോധിക്കുമ്പോൾ സാലിയുമായോ കുടുംബവുമായോ പരിചയമുള്ളവരാരോ ആകാം സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സാമ്പത്തിക ഇടപാടുകളും ബന്ധുക്കളുമായുള്ള ഏർപ്പാടുകളും അടക്കമുള്ള എല്ലാവിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

സാലിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കാറിനൊപ്പം ഭാര്യ ഷീബയുടെ ഫോണും കൊലയാളികൾ അപഹരിച്ചിട്ടുണ്ട്. കൊലപാതകം ലക്ഷ്യം വച്ചെത്തിയ പ്രതികൾ സ്വന്തം മൊബൈൽഫോൺ കൃത്യസമയത്ത് ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാകാം ഇത്. കൊലപാതകത്തിന്ശേഷം ഗ്യാസ് തുറന്ന് വിട്ടത് പാചകവാതകം ചോ‌ർന്ന് മുറിയ്ക്കുള്ളിൽ നിറഞ്ഞാൽ ഇലക്ട്രിക് ഷോർട്ട് സ‌ർക്യൂട്ടിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ തീപിടിച്ചാൽ തെളിവുകളില്ലെന്ന് ഉദ്ദേശിച്ചാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാർ മോഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ദമ്പതികൾ ഗ്യാസ് തുറന്ന് വിട്ട് ആത്മഹത്യ ചെയ്തതാണെന്ന് വരുത്താൻ കഴിയില്ല. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുകയെന്ന ഉദ്ദേശത്താലാണ് അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ ഹാളിലെത്തിച്ച് തുറന്ന് വിട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുന്ന സാലിയ്ക്ക് ബോധം വീണ്ടുകിട്ടിയാൽ കൊലയാളികളെപ്പറ്റിയോ സംഭവത്തെപ്പറ്റിയോ ഉള്ള വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാലി ബോധം വീണ്ടെടുക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൊലീസ്. എന്നാൽ കേസുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പൊലീസിന്റെ പക്കലുള്ളതായി സൂചനയും പുറത്ത് വരുന്നുണ്ട്. സംഭവത്തിൽ ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അന്വേഷണ പുരോഗതിയെയും പ്രതികളുടെ അറസ്റ്റിനെയും ബാധിക്കുമെന്ന കാരണത്താൽ ഇത് പുറത്തുവിടാതെ പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ പരിശ്രമം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOTTAYAM MURDER CASE, SHEEBA MURDER, POLICE, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.