SignIn
Kerala Kaumudi Online
Tuesday, 11 August 2020 10.36 PM IST

2020ലെ ഈ അഞ്ച് സൈനിക ശക്തികളെ അറിഞ്ഞാല്‍, എന്തുകൊണ്ട് അതിര്‍ത്തിയില്‍ ചൈന പിന്തിരിഞ്ഞുവെന്ന കാരണം അറിയാം

modi

ഒരു രാജ്യത്തെ സൈനിക ശേഷിയുടെ അളവ്‌കോല്‍ സൈന്യത്തിന്റെ വലിപ്പത്തില്‍ അധിഷ്ഠിതമായിരുന്ന കാലമല്ല ഇന്നുള്ളത്. പ്രഹരശേഷിയുള്ള നൂതന ആയുധങ്ങളാണ് ഇന്നത്തെ കാലത്ത് സൈന്യത്തിന്റെ കരുത്ത് കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. അത്യാധുനിക ആയുധവും, സൈനികരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നതുമായ രാജ്യങ്ങളാണ് പലപ്പോഴും ലോകത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള ശേഷി കരസ്ഥമാക്കുന്നത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ വികസിപ്പിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ഓട്ടത്തില്‍ ലോകമെമ്പാടുമുള്ള പ്രമുഖ രാജ്യങ്ങള്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ തങ്ങളുടെ പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്നു.


2020 ലെ കണക്കനുസരിച്ച് ഗ്ലോബല്‍ ഫയര്‍ പവര്‍ നല്‍കുന്ന കണക്കനുസരിച്ച് ലോകത്തിലെ ശക്തരായ അഞ്ച് സൈനിക ശക്തികള്‍ ആരൊക്കെയെന്ന് പരിശോധിക്കാം


5.ജപ്പാന്‍

247,160 സൈനികരുള്ള ജപ്പാന് ഭീഷണിയായി നിലവിലുള്ളത് ഉത്തര കൊറിയയും, ചൈനയുമാണ്. അതി ശക്തമായ നേവിയാണ് ജപ്പാന്റെ പ്രത്യേകത. യുഎസ് ഒഴികെയുള്ള ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ശക്തമായ 40 ഡിസ്‌ട്രോയറുകള്‍ അടങ്ങുന്ന ഒരു നേവി വ്യൂഹമാണ് ജപ്പാനുള്ളത്. 3,130 കവചിത വാഹനങ്ങള്‍, 1,004 ടാങ്കുകള്‍, 152 യുദ്ധ വിമാനങ്ങള്‍ 119 ആക്രമണ ഹെലികോപ്റ്ററുകള്‍ എന്നിവയും ജപ്പാന് സ്വന്തമായുണ്ട്. 2020 ല്‍ ജപ്പാന്‍ തങ്ങളുടെ സൈന്യത്തിനായി 49 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുള്ള ജപ്പാന്‍ ചൈനയെയാണ് പ്രധാന ശത്രുരാജ്യമായി കണക്കാക്കിയിട്ടുള്ളത്.

4. ഇന്ത്യ

അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ദശാബ്ദങ്ങളായി പാകിസ്ഥാനുമായും ചൈനയുമായും അശാന്തമായ ചരിത്രമാണ് ഇന്ത്യയ്ക്കുളളത്. ഇതു തന്നെയാണ് സൈനിക ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്ന ഘടകം. ഒരേ സമയം പാകിസ്ഥാനെയും ചൈനയയേയും നേരിടാനാവുന്ന ശേഷി സ്വന്തമാക്കുവാനാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ സ്വന്തമാക്കുന്ന ആയുധങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇന്ത്യയില്‍ 1,444,000 സായുധ സൈനികര്‍ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നു. 4292 ഓളം ടാങ്കുകള്‍, 4060 പീരങ്കികള്‍, 538 യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ്. ഇതിനൊപ്പം വിശാലമായ കടല്‍ കാക്കുവാന്‍ അതിശക്തമായ നേവിയും ഇന്ത്യയ്ക്കുണ്ട്. ലോകത്തിലെ തന്ത്രപ്രധാനമായ ഇടത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. നിരന്തരം ഭീകരരെ നേരിടുന്നതിനാല്‍ ഇന്ത്യന്‍ സൈനികര്‍ യുദ്ധശേഷിയിലും മുന്നിലാണ്. അടുത്തിടെ അമേരിക്കയില്‍ നിന്നും സ്വന്തമാക്കിയ ചിനൂക്ക്, അപ്പാച്ചെ വിമാനങ്ങള്‍ ചൈനയ്ക്ക് മേല്‍ ഇന്ത്യയുടെ വ്യോമപ്രഹര ശേഷി ഉയര്‍ത്തുന്നതാണ്. ഇസ്രായേലുള്‍പ്പടെയുള്ള രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധവും ഒരേ സമയം അമേരിക്കയേയും റഷ്യയേയും പിണക്കാതെ നിര്‍ത്തുന്ന രാജ്യതന്ത്രവും ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു.


3) ചൈന

ഏഷ്യയിലെ ഏറ്റവും ശക്തരായ രാജ്യവും യുഎസിന്റെ വര്‍ദ്ധിച്ചുവരുന്ന എതിരാളിയുമായ ചൈനയെയാണ് ഗ്‌ളോബല്‍ ഫയര്‍ മൂന്നാമത്തെ ലോക ശക്തിയായി കണക്കാക്കുന്നത്. 2,183,000 സൈനികരുണ്ടെന്ന് കണക്കാക്കുന്ന ചൈനയുടെ സൈനിക ശേഷി സാധാരണയായി പുറം ലോകത്തിന് അന്യമാണ്. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലെ ഇരുമ്പ് മറയിലെ പ്രവര്‍ത്തനമായതാണ് കാരണം. അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കമുള്ള ചൈനയ്ക്ക് എന്നാല്‍ എറ്റവും ഭീഷണിയുള്ളത് അമേരിക്കയില്‍ നിന്നുമാണ്. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് അമേരിക്കയും ചൈനയും തമ്മിലാവും എന്ന് കണക്കാക്കുന്നവര്‍ ഏറെയാണ്.

ദക്ഷിണ ചൈനാക്കടലിലുടനീളം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ചൈന അടുത്ത കാലത്തായി നാവികസേന ശക്തമാക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ചൈനയുടെ നേവിയില്‍ 74 അന്തര്‍വാഹിനികളും 52 ഫ്രിഗേറ്റുകളും 36 ഡിസ്‌ട്രോയറുകളും ഉണ്ടെന്ന് ഗ്ലോബല്‍ ഫയര്‍ പവര്‍ പറയുന്നു. 33,000 കവചിത വാഹനങ്ങളും 3,500 ടാങ്കുകളും ചൈനയിലുണ്ട്. ചൈനീസ് വ്യോമസേനയ്ക്ക് 1,232 യുദ്ധവിമാനങ്ങളും 281 ആക്രമണ ഹെലികോപ്റ്ററുകളുമുണ്ട്. 2020 ല്‍ ചൈന 237 ബില്യണ്‍ ഡോളര്‍ സായുധ സേനയ്ക്കായി ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.

2) റഷ്യ
ലോകശക്തിയായ അമേരിക്കയ്‌ക്കൊപ്പം കിടപിടിയ്ക്കുന്ന ആയുധ ശേഷിയാണ് റഷ്യയ്ക്കുള്ളത്. ലോകരാജ്യങ്ങളില്‍ ശക്തമായ ടാങ്കുകളും, മിസൈല്‍ പ്രതിരോധ ശേഷിയും കരസ്ഥമാക്കിയ റഷ്യ വിവിധ രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഗ്‌ളോബല്‍ ഫയര്‍ പവര്‍ കണക്ക് പ്രകാരം 12950 ടാങ്കുകളാണ് റഷ്യ സ്വന്തമാക്കിയിട്ടുള്ളത്. ഇത് അമേരിക്കയ്ക്കുള്ളതിന്റെ ഇരട്ടിയാണ്.


27,038 കവചിത വാഹനങ്ങള്‍, 6,083 യൂണിറ്റ് പീരങ്കികള്‍, 3,860 റോക്കറ്റ് പ്രൊജക്ടറുകള്‍ എന്നിവയുള്ള റഷ്യയ്ക്ക് 1,013,628 സൈനികരാണുള്ളത്. റഷ്യയുടെ വ്യോമസേനയ്ക്ക് 873 യുദ്ധവിമാനങ്ങളും 531 ആക്രമണ ഹെലികോപ്റ്ററുകളും ഉണ്ട്. 62 അന്തര്‍വാഹിനികള്‍ നേവിയുടെ കരുത്തുകൂട്ടുന്നു. 2020ല്‍ റഷ്യ തങ്ങളുടെ സൈന്യത്തിനായി 48 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.

1) യുണൈറ്റഡ് സ്റ്റേറ്റ്‌സ്

ലോകത്തിലെ തര്‍ക്കമില്ലാത്ത സൈനിക ശക്തിയെന്ന നിലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനായി അമേരിക്ക സൈനിക ശേഷി എപ്പോഴും വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നു. ഭൂമിയിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ എയര്‍ യൂണിറ്റുകള്‍ അമേരിക്കയിലുണ്ട്, 2,085 യുദ്ധവിമാനങ്ങളും 967 ആക്രമണ ഹെലികോപ്റ്ററുകളും 945 ട്രാന്‍സ്‌പോര്‍ട്ടുകളും 742 പ്രത്യേക മിഷന്‍ വിമാനങ്ങളുമുണ്ട്. ഇത് കൂടാതെ
39,253 കവചിത വാഹനങ്ങള്‍, 91 നേവി ഡിസ്‌ട്രോയറുകള്‍, 20 വിമാനവാഹിനിക്കപ്പലുകള്‍ എന്നിവയുമായി യുഎസ് ലോകത്തെ നയിക്കുന്നു. 1,400,000 സജീവ ഉദ്യോഗസ്ഥരുണ്ട് അമേരിക്കയുടെ സൈനിക വിഭാഗങ്ങളില്‍. 2020 ലെ യുഎസ് സൈനിക ബജറ്റിനായി വാഷിംഗ്ടണ്‍ 750 ബില്യണ്‍ ഡോളറാണ് അനുവദിച്ചത്.


2020 ല്‍ ലോകത്തിലെ അഞ്ച് സൈനിക ശക്തിയുള്ള രാജ്യങ്ങളെ പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞതിന്റെ കാര്യം മനസിലാക്കാം. ഇന്ത്യയുമായി അതിര്‍ത്തിയില്‍ യുദ്ധനീക്കം ഉണ്ടായപ്പോള്‍ തന്നെ സൈനിക ശേഷിയില്‍ ഒന്നും അഞ്ചും സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയും ജപ്പാനും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തു. ജപ്പാന്‍ അവരുടെ അതിര്‍ത്തിയില്‍ മിസൈല്‍ വിന്യസിച്ചതും, അമേരിക്ക യുദ്ധക്കപ്പലുകള്‍ പസഫിക് മേഖലയിലേക്ക് വിന്യസിച്ചതും വാര്‍ത്തയില്‍ ഇടം നേടി. ഇനി ലോകത്തെ സൈനിക ശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെയും കൂടെ നിര്‍ത്താന്‍ കഴിയുന്ന രാഷ്ട്രമാണ് ഇന്ത്യ. ചൈനയ്ക്കുമേല്‍ അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ റഷ്യ സമ്മര്‍ദം ചെലുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു കൂടാതെ ഇന്ത്യയ്ക്ക് ആയുധബലം കൂട്ടുന്നത് ഏറെ വിശ്വസ്തമായ റഷ്യന്‍ പോര്‍വിമാനങ്ങളാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, CHINA, JAPAN, RUSSIA, GALVAN, VIOLENT FACE-OFF, INDIA CHINA, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.