കയ്പമംഗലം: സ്വർണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദിന്റെ വീട്ടിൽ എൻ.ഐ.എ നോട്ടീസ് പതിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് എൻ.ഐ.എ കയ്പമംഗലം പുത്തൻപള്ളിക്ക് സമീപമുള്ള വീടിന്റെ വാതിലിൽ അറസ്റ്റ് വാറണ്ട് രേഖപ്പെടുത്തിയ നോട്ടീസ് പതിച്ചത്. കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യപടിയെന്ന നിലയ്ക്കാണിത്. കഴിഞ്ഞ 17 ന് ഇവിടെ കസ്റ്റംസ് റെയിഡ് നടത്തി ഫൈസലിന്റെ കമ്പ്യൂട്ടറും അനുബന്ധ രേഖകളും പിടിച്ചെടുത്തിരുന്നു. ആറ് മാസമായി അടഞ്ഞുകിടക്കുന്ന വീടാണിത്. കൊച്ചിയിൽ നിന്നെത്തിയ അഞ്ചംഗ കസ്റ്റംസ് സംഘം വില്ലേജ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് റെയ്ഡ് നടത്തിയത്. 15 വർഷത്തിലേറെയായി വിദേശത്തുള്ള ഫൈസൽ, പിതാവിന് സുഖമില്ലാത്തതിനാൽ ഒന്നരക്കൊല്ലം മുമ്പ് നാട്ടിലെത്തിയിരുന്നു.