87ന്റെ നിറവിലും അനുഷ്ടാന വഴിയിൽ
മാവേലിക്കര : വേലൻപാട്ടെന്ന അനുഷ്ടാന കലാരൂപത്തിന്റെ ഉപാസകനായി ഏഴു പതിറ്റാണ്ട് പിന്നിടുകയാണ് കെ.വി.കൃഷ്ണൻ.
കുട്ടമ്പേരൂർ സ്വദേശിയായ ഇു്ദേഹം 87-ാം വയസിലും കർമ്മനിരതനാണ്.
പൈതൃകമായി പകർന്ന് കിട്ടിയ ഈ തൊഴിൽ 13-ാം വയസ് മുതലാണ് കൃഷ്ണൻ തുടങ്ങിയത്.കുട്ടംപേരൂരിലെ പുരാതന ഹൈന്ദവ തറവാടുകളിൽ വേലൻ പാട്ട് ഇന്നും ക്രമം തെറ്റാതെ കൃഷ്ണൻ വേലന്റെ കാർമ്മികത്വത്തിൽ നടന്നു പോകുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന അതി പ്രശസ്തമായ പള്ളിപ്പാന എന്ന ആചാര വഴിപാട് നടത്തുവാനും കൃഷ്ണന്റെ കുടുംബത്തിന് പൈതൃകാവകാശം ലഭിച്ചിട്ടുണ്ട്. മൂന്നു പള്ളിപ്പാനകൾ നടത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണൻ പറയുന്നു.
ആട്ടിൻ തോലിൽ നിർമിച്ച ഉടുക്ക് താളത്തിൽ കൊട്ടിപ്പാടി നടത്തുന്ന ഈ അനുഷ്ടാനം നാടിന്റെയും വീടിന്റെയും ഐശ്വര്യത്തിനാണെന്നാണ് വിശ്വാസം. നിറനാഴിയും നിലവിളക്കും മാത്രമാണ് വേലൻപാട്ടിനുള്ള ഒരുക്കങ്ങൾ. നിലവിളക്കിന് മുന്നിലിരുന്ന് കൊട്ടിപ്പാടും. ഇതിലൂടെ ശത്രുദോഷം, കണ്ണുദോഷം എന്നിവയെ അകറ്റാമെന്ന് വിശ്വാസം.
തലമുറയായി കൈമാറി വന്ന ഈ കുലത്തൊഴിൽ ഇദേഹം മകനും പകർന്ന് നൽകിയിട്ടുണ്ട്. മകൻ ഇപ്പോൾ ജ്യോത്സ്യമാണ് ജീവനോപാധിയാക്കിയിരിക്കുന്നത്. അതിനാൽ ജീവിത സായാഹ്നത്തിലും പൈതൃകമായി പകർന്ന് കിട്ടിയ കുലത്തൊഴിലുമായി മുന്നോട്ട് പോകുകയാണ് കൃഷ്ണൻ വേലൻ.
വേലൻ പാട്ട്
കേരളത്തിലെ തനതായ അനുഷ്ഠാന കലാരൂപം. ദോഷങ്ങൾ അകറ്റാനായിട്ടാണ് വീടുകളിൽ വേലൻ പാട്ട് നടത്തുന്നത്.ഈ കലാരൂപം ഇന്ന് അന്യംവന്നുകൊണ്ടിരിക്കുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ പള്ളിപ്പാനയിലെ പ്രധാന ഇനം വേലൻപാട്ടാണ്.