SignIn
Kerala Kaumudi Online
Thursday, 29 October 2020 7.33 AM IST

ബോട്ട് ദുരന്തം: കണ്ണീരോർമ്മയ്ക്ക് നാളെ പതിനെട്ടാണ്ട്

photo

ചേർത്തല: പിഞ്ചു കുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം മുഹമ്മ ബോട്ട് ദുരന്തത്തിന് നാളെ 18 വയസ്. 2002 ജൂലായ് 27 ന് രാവിലെ 6.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ദുരന്തം.

മുഹമ്മയിൽ നിന്ന് രാവിലെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ 53ാം നമ്പർ ബോട്ട് കുമരകത്തിന് ഒരു കിലോമീ​റ്റർ പടിഞ്ഞാറു മാറിയാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്​റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കൂട്ടത്തിൽ സ്ഥിരം യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചു. 15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിൽ അമർന്നത്. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും.

ലൈസൻസും ഫി​റ്റ്‌നസും ഇല്ലാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടത്.നൂറോളം പേർ മാത്രം സഞ്ചരിക്കേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ കയറിയത് ദുരന്തത്തിന് ആക്കം കൂട്ടി. ബോട്ട് സർവീസ് യോഗ്യമല്ലെന്ന് കാട്ടി അപകടം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ ബോട്ട് മാസ്​റ്ററായിരുന്ന രാജൻ നൽകിയ റിപ്പോർട്ട് അധികൃതർ അവഗണിച്ചത് ഏറെ ചർച്ചാ വിഷയമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യൽ മജിസ്‌ട്രേ​റ്റ് കോടതി മൂന്നിൽ നിലനിന്നിരുന്ന കേസിൽ ഉൾപ്പെട്ട പ്രതികളെയെല്ലാം കഴിഞ്ഞ വർഷം ജൂലായിൽ കോടതി വെറുതെ വിട്ടിരുന്നു.

ബസ് സർവീസ് വേണം

ചേർത്തലയിൽ നിന്നും ആലപ്പുഴയിൽ നിന്നും കാലങ്ങളായി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തിയത് ബോട്ട് ജെട്ടിയുടെ പ്രധാന്യം കുറച്ചു.സർവീസ് പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദങ്ങൾ അധികാരികൾക്ക് നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.ബസ് സർവീസുകൾ ബോട്ട് ജെട്ടിയിലേക്ക് നീട്ടണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല.ടൂറിസം മേഖലയിൽ വൻ സാദ്ധ്യതകളുള്ള ഈ ബോട്ട് സർവീസ് സർക്കാരിന് ഉൾപ്പെടെ സാമ്പത്തികമായി നേട്ടം കൈവരിക്കുന്നതിനായി ബസ് സർവീസ് അനിവാര്യമാണെന്ന ആവശ്യം വിവിധ മേഖലകളിൽ ഉയരുന്നുണ്ട്.

അപകടങ്ങൾ പതിവാകുന്ന വേമ്പനാട് കായൽ

കഴിഞ്ഞ രണ്ട് മാസത്തിനിടെ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് നാല് അപകടങ്ങൾ ആണ് ഉണ്ടായത്.ഇതിൽ രണ്ട് യുവാക്കൾ മരിച്ചു.യാത്ര ബോട്ടിലെ ജീവനക്കാരുടെ ക്രിയാത്മകമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവാക്കാനായത്.മത്സ്യതൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കിയാൽ അപകടത്തിന്റെ തോത് കുറക്കാനാകും.


ഓർമ്മപ്പൂക്കളുമായി അരങ്ങ്


ആദ്യവർഷത്തെ അനുസ്മരണം മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും തുടർന്ന് അധികൃതർ കൈയൊഴിഞ്ഞതോടെ അരങ്ങ് സോഷ്യൽ സർവീസ് ഫോറം ഇത് ഏ​റ്റെടുക്കുകയായിരുന്നു. തുടർച്ചയായി 17-ാം വർഷമാണ് അനുസ്മരണം നടത്തുന്നത്.നാളെ രാവിലെ 7ന് മുഹമ്മ ബോട്ട് ജെട്ടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ, ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിച്ച് പുഷ്പങ്ങൾ അർപ്പിച്ച ശേഷം കായലിൽ ഒഴുക്കും.തുടർന്ന് അനുസ്മരണവും നടക്കുമെന്ന് അരങ്ങ് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി സി.പി.ഷാജി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.