തൃശൂർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂലി ലഭിക്കുന്നതിനുള്ള കാലതാമസം തീരുന്നു. ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത് രണ്ടാഴ്ചത്തെ കൂലിയാണ്. ഒരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിൽ കൂലി ഇടുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. ഈ സാമ്പത്തിക വർഷം മുതൽ കൂലി കത്യമായി നൽകുന്നതിന് കേന്ദ്രസർക്കാർ പണം അനുവദിക്കുന്നുണ്ട്.
ഒരോ ആഴ്ചയിലെയും പദ്ധതികൾ പൂർത്തിയായ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചാൽ ഫണ്ട് അനുവദിക്കുകയാണ് പതിവ്. കഴിഞ്ഞ എതാനും മാസങ്ങൾക്ക് മുമ്പ് വരെ പണി ചെയ്തിട്ടിട്ടും കൂലി ലഭിക്കാതിരുന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. വിവിധ സംഘടനകൾ സമര രംഗത്തും ഉണ്ടായിരുന്നു. ലോക് ഡൗൺ കാലത്ത് കൂലി കൃത്യമായി ലഭിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകും.
കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട നിരവധി പേർ ഇതിനകം തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാൽപതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണ് രജിസ്റ്റർ ചെയ്തവരിൽ ഏറെയും. സ്ത്രീകളാണ് കൂടുതലും ജോലി ചെയ്യുന്നതെങ്കിലും പുരുഷൻമാരും ഇപ്പോൾ പേർ രജിസ്റ്റർ ചെയ്യുന്നുണ്ട്. കഴിഞ്ഞ നാലുമാസനകം ആയിരത്തി അഞ്ഞൂറോളം പേരാണ് ജില്ലയിൽ പുതുതായി രജിസ്റ്റർ ചെയ്തത്. 65 വയസിന് താഴെയുള്ളവർക്കാണ് തൊഴിൽ നൽകുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 65 വയസിന് മുകളിലുള്ളവരെ മാറ്റിനിറുത്തിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകേണ്ട പല പദ്ധതികളും ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ചിരുന്നു. പലയിടങ്ങളിലും മെറ്റീരിയൽ വർക്കിൽ ഉൾപ്പെടുത്തിയുള്ള റോഡ് നിർമ്മാണവും നടക്കുന്നുണ്ട്.
കൂലി നൽകുന്നത് കേന്ദ്രസർക്കാർ, ഒരു ദിവസത്തെ കൂലി -291 രൂപ
എപ്രിൽ മുതൽ ഇതുവരെ നൽകിയ തൊഴിൽ ദിനങ്ങൾ- 18.2 ലക്ഷം
കൂലി ഇനത്തിൽ നൽകിയത് - 5276.83 ലക്ഷം
ആക്ടിവ് തൊഴിൽ കാർഡുള്ള കുടുംബങ്ങൾ- 1.21 ലക്ഷം
ആക്ടീവ് തൊഴിലാളികൾ- 1.39 ലക്ഷം
നൂറു ദിവസം പൂർത്തീകരിച്ച കുടുംബങ്ങൾ- 31
ഏകദേശം ദിവസവും ജോലിക്കിറങ്ങുന്ന തൊഴിലാളികൾ- 25,000
കൂലി നൽകാനുള്ളത് ജൂലായ് 13 മുതൽ
നിയന്ത്രണ മേഖലയിൽ പണിയില്ല
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ, കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട് സ്പോട്ടുകൾ എന്നിവിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനമില്ല.